പട്ന: ബുൾഡോസർ ഉപയോഗിച്ച് സ്ത്രീയുടെ വീട് തകർത്ത ബിഹാർ പൊലീസ് നടപടിക്കെതിരെ പട്ന ഹൈകോടതി ജഡ്ജി നടത്തിയ പരാമർശം അടുത്തിടെ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. ഉത്തർപ്രദേശ് പൊലീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ബുൾഡോസർ ഉപയോഗിച്ച് സ്ത്രീയുടെ വീട് തകർത്തതിന് ബിഹാർ പൊലീസിനെ ജഡ്ജി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ ജഡ്ജിയുടെ മറ്റൊരു അഭിപ്രായമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
നവംബർ 23 മുതലുള്ള കോടതിയുടെ തത്സമയ സ്ട്രീമിൽ കോടതി നടപടികൾക്കിടെ ജസ്റ്റിസ് സന്ദീപ് കുമാർ ഒരു സർക്കാർ ഉദ്യോഗസ്ഥനോട് സംസാരിക്കുന്ന ഭാഗങ്ങളാണ് വൈറലായിരിക്കുന്നത്. ജസ്റ്റിസ് സന്ദീപ് കുമാർ സർക്കാർ ഉദ്യോഗസ്ഥനോട് സംവരണം വഴി ജോലി ലഭിച്ചതാണോ എന്ന് ചോദിക്കുന്നതും അഭിഭാഷകരും ഹാജരായവരും ചിരിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഭൂമി കേസുമായി ബന്ധപ്പെട്ട് ജില്ലാ ലാൻഡ് അക്വിസിഷൻ ഓഫീസറായ അരവിന്ദ് കുമാർ ഭാരതിയുടെ കേസ് പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമർശം.
വാദം കേട്ട ശേഷം കേസ് മാറ്റിവെച്ച ജഡ്ജി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകി. തുടർന്ന്, ജസ്റ്റിസ് കുമാർ ഹിന്ദിയിൽ ഇങ്ങനെ പറയുന്നു: "ഭാരതി ജി, സംവരണം പർ ആയേ ദ നൗക്രി മേ ക്യാ? (ഭാരതി ജി, ജോലിയിൽ സംവരണത്തിലൂടെയാണോ നിങ്ങൾ പ്രവേശിച്ചത്?)". ഇതിന് ഉദ്യോഗസ്ഥൻ മറുപടി നൽകിയപ്പോൾ "സമാജ് ഗയേ നാം സേ (പേരിൽ നിന്ന് എനിക്ക് മനസ്സിലായി)" എന്ന് ജഡ്ജി പറയുന്നത് കേൾക്കാം. ഉദ്യോഗസ്ഥൻ പുറത്തേക്ക് പോകുമ്പോൾ മറ്റ് അഭിഭാഷകർ അദ്ദേഹത്തെ പരിഹസിക്കുന്നതും വീഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.