ഗുവാഹതി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗാന്ധിമാരെ പോലെ അഴിമതി നടത്തിയ മറ്റാരെയെങ്കിലും കാണാൻ കഴിയുമോ എന്നായിരുന്നു ഹിമന്തയുടെ ചോദ്യം. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടത്തിയ മുഖ്യമന്ത്രിയെന്നാണ് ഹിമന്തയെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. മൂന്നുദിവസമായി ന്യായ് യാത്രയുടെ ഭാഗമായി അസമിലുണ്ട് രാഹുൽ.
''ഗാന്ധി കുടുംബം ഏതു രീതിയിൽ അധിക്ഷേപം നടത്തിയാലും അതൊരു അനുഗ്രഹമായാണ് ഞാൻ കരുതുന്നത്. ഏറ്റവും ശക്തമെന്ന് സ്വയം കരുതുന്ന ഒരു കുടുംബത്തിനെതിരെ പോരാടാനുള്ള ഊർജമാണ് അതെനിക്ക് നൽകുന്നത്.എന്നാൽ ഞാനൊരു കാര്യം തിരിച്ചുചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഗാന്ധിമാരെക്കാൾ അഴിമതി നടത്തിയ ആരെയെങ്കിലും കാണാൻ സാധിക്കുമോ? ബോഫോഴ്സ് അഴിമതി, നാഷനൽ ഹെറാൾഡ് അഴിമതി, ഭോപാൽ വാതക ദുരന്തം, ആൻഡേഴ്സിന്റെ രക്ഷപ്പെടൽ, 2ജി അഴിമതി, കൽക്കരി അഴിമതി...തുടങ്ങി ഈ പട്ടിക വലുതാണ്. ''-എന്നായിരുന്നു രാഹുലിന്റെ ആരോപണത്തിന് മറുപടിയായി ഹിമന്ത എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഗാന്ധി കുടുംബം വ്യാജ കുടുംബപ്പേര് ഉപയോഗിക്കുകയാണെന്നും ഹിമന്ത പറഞ്ഞു.
എങ്ങനെ അഴിമതി നടത്തണം എന്നതിനെ കുറിച്ച് ഹിമന്ത ശർമക്ക് ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പഠിപ്പിച്ചുകൊടുക്കാമെന്നും രാഹുൽ പരിഹസിച്ചിരുന്നു. യാത്രയുടെ ഭാഗമായി ജനുവരി 25വരെ രാഹുൽ അസമിലുണ്ടാകും. 17 ജില്ലകളിലായി 833 കിലോമീറ്ററാണ് യാത്രയിൽ രാഹുൽ പിന്നിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.