ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നായ് കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ കേദാർ ഘട്ടിലെ നദീ തീരത്താണ് സംഭവം.
നദീതീരത്തുനിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ജില്ല അധികാരികളോട് ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക് മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും അവർ ആരോപിച്ചു.
മണലിനുള്ളിൽ സംസ്കരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. കനത്ത മഴ പെയ്തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ് ഒലിച്ചുപോകുകയും ചെയ്തു. ഇതോടെ പ്രദേശത്ത് ദുർഗന്ധം പരന്നതോടെ നായ്ക്കളെത്തി മൃതദേഹം മണൽ മാന്തി പുറത്തെടുക്കുകയും ഭക്ഷിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവത്തിൽ പ്രകോപിതരായ പ്രദേശവാസികൾ നഗര ഭരണകൂടം യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ചു.
കേദാർഘട്ടിൽ പകുതി ദഹിപ്പിച്ച മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുവലിക്കുന്നതിെൻറ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സംസ്കാര ചടങ്ങുകൾക്ക് ശേഷം പ്രദേശം വൃത്തിയാക്കാൻ ഒരു സന്ന്യാസിയെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു നഗരപാലിക ചെയർമാൻ രമേശ് സെംവാളിെൻറ പ്രതികരണം.
ഉത്തർപ്രദേശിലെയും ബിഹാറിലെയും നദികളിലൂടെ നിരവധി മൃതദേഹങ്ങൾ ഒഴുകിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ നദിയിലൊഴുക്കുകയായിരുന്നുവെന്നാണ് ഉയർന്ന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.