ന്യൂഡൽഹി: ലോക്ഡൗൺ അനിശ്ചിതമായി നീട്ടാനാവില്ലെന്ന് സാമ്പത്തിക വിദഗ്ധനും റിസർവ് ബാങ്ക് മുൻ ഗവർണറുമായ രഘുറാം രാജൻ. ലോക്ഡൗൺ എടുത്തുകളയൽ എളുപ്പമല്ല. എന്നാൽ ലോക്ഡൗൺ അനിശ്ചിതമായി നീട്ടുന്നത് സമ്പദ്വ്യവസ്ഥയെ കൂടുതൽ തകർച്ചയിലാക്കുമെന്നും ഇന്ത്യയുടെ വിശ്വാസ്യത നഷ്ടമാവുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിഡിയോ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയിലായ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കുന്നതിന് 65,000 കോടി രൂപയോളം വേണ്ടിവരുമെന്നും രാഹുലിെൻറ ചോദ്യത്തിന് രഘുറാം രാജൻ മറുപടി നൽകി. കോവിഡ്19െൻറ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യരംഗത്തെ വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് രാഹുല്‍, രഘുറാം രാജനുമായി സംവദിച്ചത്.
‘എന്നേന്നക്കുമായി ലോക്ഡൗൺ ഏര്‍പ്പെടുത്തുന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍, അത് സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കില്ല. ഏറെ നാളത്തേക്ക് പാവപ്പെട്ടവരെ സംരക്ഷിക്കാനും അവർക്ക് ഭക്ഷണം നൽകാനുമുള്ള ശേഷി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥക്കില്ല. കോവിഡ് പ്രതിസന്ധി മറികടന്നശേഷം കൃത്യമായ പദ്ധതികൾ വേണം. ആഗോളസമ്പദ്വ്യവസ്ഥയിൽതന്നെ മാറ്റങ്ങൾ വരും.
ഇതേക്കുറിച്ചെല്ലാം വിശദമായ ചർച്ചകൾ നടക്കണം. സംവാദങ്ങൾ വേണം. ലോക്ഡൗൺ ആയതോടെ രാജ്യത്തെ നിരവധി പേർക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടു. ഒരുപാടാളുകൾക്ക് ജോലി നഷ്ടപ്പെട്ടുവെന്നും ലോക്ഡൗൺ സംബന്ധിച്ച് രാഹുലിെൻറ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. രാജ്യങ്ങള്‍ക്ക് ഈ സാഹചര്യം മുതലെടുക്കാന്‍ വഴികളുണ്ട്. പുനര്‍വിചിന്തനം നടത്താം. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് വ്യവസായത്തിന് അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും.
ഈ ഘട്ടത്തില്‍ സാമൂഹിക ഐക്യം പ്രധാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധരുമായി രാഹുൽ ഗാന്ധി നടത്തുന്ന സംഭാഷണ പരമ്പരയിലെ ആദ്യ വിഡിയോ സംഭാഷണമാണ് രഘുറാം രാജനുമായി വ്യാഴാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.