നേതാജി മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയില്ല; അദ്ദേഹത്തിന്റെ കൂറ്റൻ പ്രതിമ നിർമിച്ചതുകൊണ്ട് മാത്രം കാര്യമില്ല -ബി.ജെ.പി വിട്ട നേതാജിയുടെ അനന്തരവൻ ചന്ദ്രകുമാർ ബോസ്

ന്യൂഡൽഹി: അടുത്തിടെയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവനും പശ്ചിമ ബംഗാളിലെ ബി.ജെ.പി വൈസ്പ്രസിഡന്റുമായിരുന്ന ചന്ദ്രകുമാർ ബോസ് പാർട്ടി വിട്ടത്.

ബി.ജെ.പിയുമായുള്ള ആശയപരമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

സെപ്റ്റംബർ ആറിനാണ് അദ്ദേഹം ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദക്ക് രാജിക്കത്ത് കൈമാറിയത്. മുത്തശ്ശനും നേതാജിയുടെ മൂത്ത സഹോദരനും മെന്ററുമായ ശരദ് ചന്ദ്ര ബോസിന്റെ 134ാം ജൻമവാർഷികത്തോടനുബന്ധിച്ചാണ് നിർണായക തീരുമാനമെടുത്തതെന്നും ചന്ദ്രകുമാർ ബോസ് വിശദീകരിച്ചു.

ബോസ് സഹോദരങ്ങൾ എന്നറിയപ്പെടുന്ന സുഭാഷ് ചന്ദ്രബോസും ശരദ് ചന്ദ്രബോസും സ്വതന്ത്ര ഇന്ത്യയുടെ മതേതര ആശയങ്ങൾക്കായി നിലകൊണ്ടവരാണെന്നും അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആകൃഷ്ടനായി 2016ലാണ് ചന്ദ്രകുമാർ ബോസ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയിൽ ചേർന്ന ശേഷം രണ്ടുതവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2016ൽ ഭവാനിപൂർ മണ്ഡലത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയായിരുന്നു ബി.ജെ.പി ചന്ദ്രകുമാർ ബോസിനെ മത്സരിപ്പിച്ചത്. കോൺ​ഗ്രസിന്റെ ദീപ ദേശ്മുൻഷി ആയിരുന്നു മറ്റൊരു എതിരാളി.

2019ൽ ടി.എം.സി കോട്ടയായി കൊൽക്കത്തയിലെ ദക്ഷിൺ മണ്ഡലത്തിൽ എം.പി മാലാ റോയിക്കെതിരെയും മത്സരിച്ചു. രണ്ട് തവണ മത്സരിക്കാൻ അവസരം നൽകി എന്നതൊഴിച്ചാൽ തനിക്ക് ജനങ്ങളെ സേവിക്കാനുള്ള അവസരങ്ങൾ കിട്ടിയിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

2019ൽ മുസ്‍ലിം പ്രദേശങ്ങളിൽ പ്രചാരണത്തിന് പോയപ്പോൾ തലയോട്ടികൊണ്ടുള്ള തൊപ്പി ധരിപ്പിച്ച കാര്യവും ചന്ദ്രകുമാർ ബോസ് ഓർത്തെടുത്തു. നേതാജിയുടെ കുടുംബത്തിൽ നിന്നുള്ള ആളല്ല എങ്കിൽ ഇങ്ങനെയൊരു സ്വീകരണം ഒരിക്കലും കിട്ടില്ലായിരുന്നു. ഇതിന്റെ ഫോട്ടോ ആരോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. രാമനവമി ആഘോഷത്തോടനുബന്ധിച്ചായിരുന്നു ​ഈ സംഭവം. സ്വന്തം നിലക്ക് നടത്തിയ ഈ പ്രചാരണത്തിന് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു.മോദിയോടുള്ള ബഹുമാനം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂരിലായിരുന്നപ്പോൾ നേതാജിയെ ഒരിക്കൽ ചെട്ട്യാർ കമ്മ്യൂണിറ്റി ഹിന്ദു ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. ഡൊണേഷനായിരുന്നു അവരുടെ ലക്ഷ്യം. അതിനാൽ ഹിന്ദു ഉദ്യോഗസ്ഥർക്കൊപ്പം നേതാജി വന്നാൽ മതിയെന്നും ശഠിച്ചു. ''എനിക്ക് ഒരു ഹിന്ദു ഉദ്യോഗസ്ഥൻ പോലുമില്ലെന്നും കൂടെയുള്ളത് ഇന്ത്യൻ ഉദ്യോഗസ്ഥരാണെന്നും അവരുടെ കൂട്ടത്തിൽ ഹിന്ദുക്കളും മുസ്‍ലിംകളും ക്രിസ്ത്യാനികളുമുണ്ടെന്നും നേതാജി അവർക്ക് ഉടൻ മറുപടി നൽകി. അവരെ കൂടെ കൂട്ടാൻ അനുമതിയുണ്ടെങ്കിൽ മാത്രം താനും ക്ഷേത്രം സന്ദർശിക്കാം. അല്ലെങ്കിൽ വരില്ലെന്നും പറഞ്ഞു. ഇത്കേട്ടയുടൻ ക്ഷേത്ര അധികാരികൾ സന്ദർശനത്തിന് എല്ലാവർക്കും അനുമതി നൽകുകയായിരുന്നു. സുഭാഷ് ചന്ദ്രബോസ് ഹിന്ദു വിശ്വാസിയായിരുന്നു. കാളിയെ ആയിരുന്നു ആരാധിച്ചിരുന്നത്. എന്നാൽ ഒരിക്കലും അദ്ദേഹം മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴച്ചിരുന്നില്ല. ഈ സന്ദേശമാണ് ഞാൻ എല്ലാവർക്കും നൽകാൻ ശ്രമിച്ചതെന്നും ചന്ദ്രകുമാർ ബോസ് ചൂണ്ടിക്കാട്ടി.

ബി.ജെ.പി ​​പ്രതിമ നിർമിച്ചതു കൊണ്ടും അദ്ദേഹത്തെ കുറിച്ചുള്ള വിലപ്പെട്ട രേഖകൾ വീണ്ടെടുത്തതു കൊണ്ടും മാത്രം കാര്യമില്ല. നേതാജിയുടെ മതേതര ആശയങ്ങൾ ജീവിതത്തിൽ പകർത്തിയാൽ മാത്രമേ കാര്യമുള്ളൂവെന്നും ചന്ദ്രകുമാർ ബോസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Can't honour Netaji just with a statue,’ says grand nephew After quitting BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.