ന്യൂഡൽഹി: കോവിഡ് വിഷയം ആലോചിക്കാൻ പാർലമെന്റ് സമിതി യോഗങ്ങൾ ഓൺലൈനായി നടത്തണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും ചെവികൊടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തൃണമൂൽ കോൺഗ്രസ് മൂന്നു തവണയാണ് വിഷയത്തിൽ ഓൺലൈൻ യോഗം ആവശ്യപ്പെട്ട് പാർലമെന്റ് സ്പീക്കർ ഓം ബിർളക്ക് കത്തയച്ചിരുന്നത്. മേയ് ഏഴിന് ഓം ബിർളക്കു പുറമെ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനും കത്തയച്ചു. ''കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം മൂന്നു ലക്ഷത്തിനു മുകളിലാണ് കോവിഡ് ബാധ. നിലവിലെ സാഹചര്യത്തിൽ പാർലമെന്‍ററി സമിതി യോഗങ്ങൾ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെടുന്നു''- എന്നായിരുന്നു തൃണമൂൽ നേതാവ് ഡെറക് ഒ ബ്രിയന്‍റെ കത്ത്. അതിനും മറുപടി ലഭിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ഒ ബ്രിയൻ സമൂഹ മാധ്യമത്തിൽ എത്തി. മൂന്നു തവണ ആവശ്യപ്പെട്ടിട്ടും അത് അനുവദിക്കാതിരിക്കുേമ്പാൾ വിഷയത്തിൽ സർക്കാറിനെ ഉത്തരവാദിയാക്കാൻ പ്രതിപക്ഷത്തിന് സാധിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് അഭിസംബോധന ചെയ്തിരിക്കുന്നത് നരേന്ദ്ര, അമിത് എന്നിങ്ങനെ പേരുനൽകിയാണ്. ഇതാണ് വിലാസമെന്നും എന്തുകൊണ്ടാകും ഇങ്ങനെ നൽകേണ്ടിവന്നതെന്ന് ഊഹിച്ചൂടെയെന്നും ചോദിക്കുന്നു.
തൃണമൂൽ പാർലമെന്‍റംഗത്തിന്‍റെ ട്വീറ്റിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. കോൺഗ്രസും ഇേത ആവശ്യം പലതവണ ഉന്നയിച്ചതാണെന്ന് പാർട്ടി നേതാവ് ജയ്റാം രമേശ് പറഞ്ഞു. പിന്നാലെയാണ് 'ഒരു പഴഞ്ചൊല്ലുണ്ട്, ഉറക്കം നടിക്കുന്ന ഒരാളെ വിളിച്ചുണർത്താനാകില്ലെന്ന്' എന്ന് തരൂർ പ്രതികരിച്ചത്.
നിയമങ്ങൾ ഔദ്യോഗികമായി മാറ്റാതെ യോഗങ്ങൾ ചേരാനാകില്ലെന്ന് ബിർള പറയുന്നതായി കോൺഗ്രസ് നേതാവ് പരിഹസിക്കുന്നു. ''പാർലമെന്‍ററി ഉത്തരവാദിത്വം നമ്മുടെ ജനാധിപത്യത്തിലെ ഭരണഘടന സംവിധാനത്തിന്‍റെ ഹൃദയമാണ്. അത് നിർവഹിക്കാനാകാതെ വരുന്നത് അപകടകരമാണ്. ആ ഉത്തരവാദിത്വം യോഗമില്ലാത്തതിനാൽ തത്കാലം ഇമെയ്ലായി ഞാൻ നിർവഹിക്കുകയാണ്''- ശശി തരൂർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.