ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മു-കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ഏതു മേഖലയിലും സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) ഏർപ്പെടുത്താനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്. സായുധ സേനകൾക്ക് അമിതാധികാരം ലഭിക്കുന്നതു വഴി ഏറെ ദുരുപയോഗിക്കപ്പെടുന്ന നിയമമാണ് അഫ്സ്പ. ജമ്മു-കശ്മീരിൽ അത് 1990 മുതൽ പ്രാബല്യത്തിലുണ്ട്. എന്നാൽ, അസ്വസ്ഥബാധിതമെന്ന് കരുതുന്ന ഏതൊരു മേഖലയിലും അഫ്സ്പ ഏർപ്പെടുത്താൻ ജില്ല മജിസ്ട്രേറ്റ് വഴി സംസ്ഥാന സർക്കാറിനായിരുന്നു അധികാരം.
അഫ്സ്പ നിയമപ്രകാരം, സംശയിക്കപ്പെടുന്ന ഏതൊരു സന്ദർഭത്തിലും ആളുകളെ പിടികൂടാനും തെരച്ചിൽ നടത്താനും വാറൻറില്ലാതെ വെടിവെക്കാനും സേനക്ക് അധികാരമുണ്ട്. അത്തരം പ്രവർത്തനങ്ങളിൽ സേനക്ക് നിയമപരമായ പരിരക്ഷ കിട്ടുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജമ്മു-കശ്മീർ, ലഡാക്ക് കാര്യ വിഭാഗത്തിനാണ് അഫ്സ്പയുടെ ചുമതലയെന്ന് പുതിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ലേ, ലഡാക്കിൽ അഫ്സ്പ ഇപ്പോൾ പ്രാബല്യത്തിലില്ല.
കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയതോടെ ജമ്മു-കശ്മീരിലും ലഡാക്കിലും പൊലീസ്, ക്രമസമാധാന ചുമതല ആഭ്യന്തര മന്ത്രാലയത്തിനാണ്. ഇതിനുപുറമെ, ഭീകരത നേരിടുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഭരണപരമായ മേൽനോട്ടം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജമ്മു-കശ്മീർ, ലഡാക്ക്കാര്യ വിഭാഗത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.