10 വർഷമായി ആഡംബര കാറുകളുടെ മോഷണം; ഒടുവിൽ 'കാർ രാജ' പൊലീസിൽ കുടുങ്ങി

ന്യൂഡൽഹി: ആവശ്യമനുസരിച്ച് ഡൽഹിയിൽനിന്ന് ആഡംബര കാറുകൾ മോഷ്ടിച്ച് ഉത്തർപ്രദേശിലും കശ്മീരിലും വിൽപ്പന നടത്തുന്ന 'കാർ രാജ' അറസ്റ്റിൽ. ഡൽഹിയിലെ സംഗം വിഹാർ സ്വദേശിയായ കുനാൽ എന്ന തനുജ് ആണ് അറസ്റ്റിലായത്. കാർ രാജയെന്നാണ് 42കാരൻ സ്വയം വിശേഷിപ്പിക്കുന്നത്.

ഡൽഹിയിലെ സിവിൽ ലൈനിൽ താമസിക്കുന്ന ശ്വേതങ്ക് അഗർവാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കാണാതായെന്നായിരുന്നു പരാതി. അന്വേഷണത്തിൽ, അന്തർ സംസ്ഥാന വാഹന ഇടപാടുകൾ നടത്തുന്ന കുനാലാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി.

ശ്വേതങ്കിൽനിന്ന് മോഷ്ടിച്ച കാർ കൈമാറ്റം ചെയ്യാനായി മൊനാസ്ട്രി മാർക്കറ്റിൽ വൈകിട്ട് ആറുമണിക്ക് കുനാൽ എത്തുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വല വിരിക്കുകയായിരുന്നു.

ആറുമണിയോടെ കുനാൽ ഓടിച്ചിരുന്ന ഒരു ക്രെറ്റ കാർ ചാന്ദ്ഗി രാം അ​ഖാര മാർക്കറ്റിൽ പ്രവേശിച്ചു. ഇതോടെ പൊലീസ് വഴി തടയുകയും വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അവ ഹാജരാക്കാൻ വാഹനമോടിച്ചിരുന്നയാൾക്ക് കഴിഞ്ഞില്ല. രജിസ്ട്രേഷൻ നമ്പറും എൻജിൻ നമ്പറുകളുമായി പൊരുത്തക്കേട് കണ്ടെത്തിയതോടെ വാഹന മോഷണത്തിന് ഡ്രൈവറായ കുനാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ​ചെയ്യലിൽ 2013 മുതൽ ആഡംബര കാറുകൾ മോഷ്ടിച്ചിരുന്നതായും ഇവ ഉത്തർപ്രദേശിലും കശ്മീരിലും വിൽപ്പന നടത്തിയിരുന്നതായും സമ്മതിച്ചു. ആവശ്യക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള കാറുകളാണ് മോഷ്ടിച്ചിരുന്നത്.

ഒരു പ്രദേശത്ത് നിന്ന് ഒരേ രൂപത്തിലും മോഡലിലുമുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മോഷ്ടിക്കും. മറ്റൊരു സ്ഥലത്തുനിന്ന് അതേ നിറത്തിലും മോഡലിലുമുള്ള കാറും മോഷ്ടിക്കും. ശേഷം കാറി​െൻ ഒറിജിനൽ നമ്പർ പ്ലേറ്റുകൾക്ക് പകരം മോഷ്ടിച്ച നമ്പർ പ്ലേറ്റുകൾ വെക്കും. പിന്നീട് വാഹനം ഒരു ഒഴിഞ്ഞ സ്ഥലത്ത് രണ്ടുമൂന്നു ദിവസം പാർക്ക് ചെയ്തിടും. ജി.പി.എസ് ഉപയോഗിച്ച് പൊലീസ് അന്വേഷിച്ച് വരുമോയെന്ന് പരിശോധിക്കാനാണ് ഇതെന്നും പൊലീസ് പറഞ്ഞു.

മോഷണം പോയ കാറുകൾ വിവിധ സ്ഥലങ്ങളിലെത്തി കുനാൽ തന്നെ വിതരണം ചെയ്യുകയും ചെയ്യും. കാർ മോഷണത്തിന് പുറമെ ഒമ്പതോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ താമസ സ്ഥലത്തുനിന്ന് നാലു കാറുകളും നിരവധി കാറിന്റെ താക്കോലുകളും വാഹനം മോഷ്ടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. 

Tags:    
News Summary - Car Raja arrested in Delhi for stealing luxury cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.