ന്യൂഡൽഹി: വണ്ടി ഓടിച്ച് കൊണ്ടിരിക്കേ നടുറോഡിൽ ഒരു ഗർത്തം രൂപപ്പെട്ട് നമ്മൾ ഓടിച്ച കാറിനെ വിഴുങ്ങിയാലോ?. കഥയൊന്നുമല്ല, സംഭവം നടന്നതാണ്. തിങ്കളാഴ്ച രാജ്യ തലസ്ഥാനത്തെ ദ്വാരകയിലാണ് റോഡിന് നടുവിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് കാർ വീണത്.
കഴിഞ്ഞ ദിവസം മുംബൈയിലും സമാനമായ സംഭവം നടന്നിരുന്നു. എന്നാൽ പാർക്ക് ചെയ്ത വാഹനം കോൺക്രീറ്റ് പാളി തകർന്ന് കിണറ്റിലേക്കായിരുന്നു താഴ്ന്നിറങ്ങിയത്.
കനത്ത മഴയെ തുടർന്നാണ് ദ്വാരക സെക്ടർ 18ൽ റോഡ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ അശ്വിനി മാത്രമാണ് ഹ്യൂണ്ടായ് ഐ 10 കാറിൽ ഉണ്ടായിരുന്നത്. സുഹൃത്തിന്‍റെ ഓഫീസിൽ നിന്ന് മടങ്ങി വരുന്ന വഴിയാണ് റോഡ് തകർന്ന് കുടുങ്ങിയതെന്ന് അശ്വിനി പറഞ്ഞു. അപകടത്തിൽ അശ്വിനിക്ക് പരിക്കില്ല.
അപകടമറിഞ്ഞ ശേഷം പ്രദേശത്ത് വലിയ ആൾകൂട്ടമായിരുന്നു. പൊലീസ് എത്തിയ ശേഷം ക്രെയിനിന്‍റെ സഹായത്തോടെ കാർ ഉയർത്തി.
ഞായറാഴ്ച മുംബൈയിലെ ഖട്കൂപറിലെ ഹൗസിങ് സൊസൈറ്റിയുടെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട കാറാണ് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് താഴ്ന്നത്. വാഹനയുടമ ചിത്രീകരിച്ച ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പാർക്കിങ് പ്രദേശത്ത് കിണറിന് മുകളിലുണ്ടായിരുന്ന കോൺക്രീറ്റ് ചെയ്ത ഭാഗം കനത്ത മഴയിൽ തകർന്ന് പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.