ബംഗളൂരു: വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. എം.പിമാരുമായും എം.എൽ.എമാരുമായും ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബസ്സും ദിനേശ് റാവു സമർപ്പിച്ച ഹരജിയിൽ ബി.ജെ.പി എം.എൽ.എക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. തനിക്കും തന്റെ കുടുംബത്തിനുമെതിരെ ബസനഗൗഡ പാട്ടീൽ യത്നാൽ നടത്തിയ പരാമർശം അപകീർത്തികരമാണെന്ന് ചുണ്ടിക്കാട്ടിയായിരുന്നു തബസ്സും ബംഗളൂരുവിലെ 42ആം എ.സി.എം.എം കോടതിയെ സമീപിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഏപ്രിൽ ആറിനായിരുന്നു ബസനഗൗഡ പാട്ടീൽ വിദ്വേഷ പരാമർശം നടത്തിയത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ‘പാകിസ്താന്റെ പകുതി ദിനേശ് ഗുണ്ടുറാവുവിന്റെ വീട്ടിലാണുള്ളത്’ എന്നായിരുന്നു ബസനഗൗഡ പറഞ്ഞത്. ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബസ്സുമിന്റെ മതത്തെ സൂചിപ്പിച്ച് വൈകാരികത സൃഷ്ടിക്കാനായിരുന്നു ബി.ജെ.പി എം.എൽ.എയുടെ ശ്രമം. ഈ പരാമർശം പ്രജാവാണി പത്രവും പല പ്രാദേശിക കന്നട ചാനലുകളും പ്രസിദ്ധീകരിച്ചെന്നും അത് രാജ്യത്തിന്റെ ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള തന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതും, തന്റെ രണ്ടു മക്കളെയടക്കം വേദനിപ്പിക്കുന്നതുമായിരുന്നെന്ന് ഹരജിക്കാരി കോടതിയെ അറിയിച്ചു.
എതിർ കക്ഷിയായ ബി.ജെ.പി എം.എൽ.എ മുസ്‍ലിം വിദ്വേഷ പ്രസ്താവന പതിവാക്കിയയാളാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. തബസ്സുമിനുവേണ്ടി അഭിഭാഷകരായ സൂര്യ മുകുന്ദരാജ്, ബി. സഞ്ജയ് യാദവ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.