കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടർച്ചയായ 13ാം ദിവസമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഇതിനകം 130 മണിക്കൂർ പിന്നിട്ടു.
അതേസമയം, സർക്കാർ ആശുപത്രികളിൽ സമരം തുടരുന്ന ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മുഖ്യമന്ത്രി മമത ബാനർജി നിഷേധിച്ചു. ദുഷ്പ്രചാരണത്തിന്റെ ഭാഗമായാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് അവർ പറഞ്ഞു. ജൂനിയർ ഡോക്ടർമാരുടെ സമരം ന്യായമാണെന്നും അവരെ പിന്തുണക്കുന്നുവെന്നും മമത പറഞ്ഞു. സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാർ എത്രയും പെട്ടെന്ന് ജോലിക്ക് തിരിച്ചെത്തണമെന്നും ഭാവിയെക്കരുതി അവർക്കെതിരെ കേസെടുക്കുന്നില്ലെന്നും കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവേ മമത പറഞ്ഞിരുന്നു. എന്നാൽ, ഭീഷണിയുടെ സ്വരമാണ് മമതയുടെ വാക്കുകൾക്കെന്ന് ആരോപിച്ച ജൂനിയർ ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണമെന്ന ആവശ്യം തള്ളിക്കളയുകയും ചെയ്തു.
ബി.ജെ.പിക്കെതിരെയാണ് താൻ സംസാരിച്ചതെന്ന് മമത പിന്നീട് വിശദീകരിച്ചു. കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ സംസ്ഥാനത്തെ ജനാധിപത്യം തകർക്കാനും അരാജകത്വം സൃഷ്ടിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.