വിവാദ പരാമർശം; കങ്കണയെ ഡൽഹിയിലേക്ക് വിളിച്ച് ബി.ജെ.പി നേതൃത്വം

ന്യൂഡൽഹി: കർഷക സമരത്തിനെതിരായ പരാമർശത്തിൽ വിവാദം പുകയുന്നതിനിടെ, നടിയും എം.പിയുമായ കങ്കണ റണാവതിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബി.ജെ.പി. വ്യാഴാഴ്ച ഡൽഹിയിലെത്തിയ കങ്കണ പാർട്ടി അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. കങ്കണയുടെ വിവാദ പ്രസ്താവന തള്ളിയതിന് പിന്നാലെയാണ് ബി.ജെ.പി നേതൃത്വം അവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. നഡ്ഡയുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ കങ്കണ പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

ഹരിയാനയിൽ പാർട്ടി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സമയത്ത് വിവാദപ്രസ്താവനകൾ ഒഴിവാക്കണമെന്ന് നഡ്ഡ കങ്കണയോട് പറഞ്ഞതായാണ് വിവരം. കർഷകർക്ക് നിർണായ സ്വാധീനമുള്ള ഹരിയാനയിൽ കങ്കണയുടെ പരാമർശം പാർട്ടിക്ക് തലവേദനയായിരുന്നു. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള ലോക്സഭാംഗമാണ് കങ്കണ. വിഷയത്തിൽ തന്നെ പാർട്ടി ശാസിച്ചെന്നും ഭാവിയില്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കുമെന്നും കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കിയിരുന്നു.

കേന്ദ്രം കൃത്യമായി ഇടപെട്ടിരുന്നില്ലെങ്കിൽ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യത്തിന് കർഷകസമരം കാരണമാകുമായിരുന്നുവെന്നായിരുന്നു കങ്കണയുടെ പരാമർശം. കർഷക മാർച്ചിനിടെ ബലാത്സംഗവും കൊലപാതകങ്ങളും നടന്നു, സമരം തുടരുന്നതിന് പിന്നിൽ വൈദേശിക ശക്തികളാണ് തുടങ്ങിയ ആക്ഷേപങ്ങളും കങ്കണ ഉന്നയിച്ചു.

Tags:    
News Summary - BJP denounces Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.