കവിതയുടെ ജാമ്യം; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ അമർഷവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ പഴയ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശത്തിൽ അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി. ബി.ജെ.പിയും ബി.ആർ.എസും തമ്മിലുള്ള ഇടപെടൽകൊണ്ടാണ് കവിതക്ക് ജാമ്യം ലഭിച്ചതെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശമാണ് കോടതിയെ ചൊടിപ്പിച്ചത്.

ഭരണഘടന പദവിയിൽ ഇരിക്കുന്നയാൾ ഇങ്ങനെയാണോ സംസാരിക്കേണ്ടത് എന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ സ്പർധ വളർത്തുന്നതിൽ എന്തിനാണ് അവർ തങ്ങളെ വലിച്ചിഴക്കുന്നത്. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കണമോയെന്നും കോടതി ആരാഞ്ഞു. മനഃസാക്ഷി മുൻനിർത്തിയാണ് തങ്ങളുടെ കടമ നിർവഹിക്കുന്നത്. ഇത് രാജ്യത്തെ ഉന്നത കോടതിയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രിക്ക് മുന്നറിയിപ്പായി കോടതി ചൂണ്ടിക്കാട്ടി.

‘‘ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കാൻ 15 മാസമെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. എന്നാൽ, കവിതക്ക് അഞ്ചു മാസത്തിനുള്ളിൽ ജാമ്യം ലഭിച്ചതിൽ സംശയമുണ്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് ബി.ജെ.പിയുടെ വിജയത്തിനായി പ്രവർത്തിച്ചുവെന്നത് വസ്തുതയാണ്’’ എന്നായിരുന്നു രേവന്ദ് റെഡ്ഡി നടത്തിയ പരാമർശം.

അഞ്ചു മാസത്തിലേറെയായി അവർ ജയിലിലാണെന്നും വിചാരണ അടുത്തെങ്ങും തീരാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കവിതക്ക് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ നിയമം സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - SC Raps Telangana CM Over Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.