‘നിങ്ങളുടെ മകൾ ആത്മഹത്യ ചെയ്തു, ഉടൻ വരണം’ -കൊല്ലപ്പെട്ട ഡോക്ടറു​ടെ മാതാപിതാക്കൾക്ക് മെഡിക്കൽ കോളജിൽനിന്ന് വന്ന ഫോൺ കോൾ വിവാദത്തിൽ

കൊൽക്കത്ത: ബലാത്സംഗത്തിനിരയായി കൊല്ല​പ്പെട്ട കൊൽക്കത്തയിലെ ഡോക്ടറുടെ മാതാപിതാക്കൾക്ക് സംഭവദിവസം മെഡിക്കൽ കോളജിൽനിന്ന് വന്ന ഫോൺ കോളുകൾ വിവാദത്തിൽ. കൊല്ലപ്പെട്ട ഡോക്ടർ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ആർജി കർ മെഡിക്കൽ കോളജിൽനിന്നാണ് മൃതദേഹം കണ്ടെത്തിയ ആഗസ്റ്റ് 9 ന് തുടരെത്തുടരെ മൂന്ന് കോളുകൾ വന്നത്. മകൾക്ക് സുഖമില്ലെന്നും ഉടൻ ത​ന്നെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ആദ്യ കോളിലെ ആവശ്യം. പിന്നീട് മകൾ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് അടുത്ത കോൾ വന്നു. അൽപം കഴിഞ്ഞ് ‘മകൾ മരിച്ചു, ആത്മഹത്യയാണെന്നാണ് കരുതുന്നത്’ എന്ന് പറഞ്ഞാണ് മൂന്നാമത്തെ കോൾ. മെഡിക്കൽ കോളജ് അസി. സൂപ്രണ്ട് എന്ന് സ്വയം പരിചയപ്പെടുത്തിയ വനിതയാണ് മൂന്ന് തവണയും വിളിച്ചത്. ഇതിന്റെ ഓഡിയോ റെക്കോർഡുകൾ വ്യാഴാഴ്ചയാണ് പുറത്തുവന്നത്. അതേസമയം, ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. കോൾ റെക്കോർഡുകൾ പുറത്തുവന്നതോടെ ക്രൂരമായ കുറ്റകൃത്യം മൂടിവെക്കാൻ ആശുപത്രി അധികൃതർ ആദ്യം ശ്രമിച്ചിരുന്നോ എന്ന ചോദ്യമുയർത്തി നിരവധി പേർ രംഗത്തുവന്നു.

ഒരേ നമ്പറിൽ നിന്ന് ഏകദേശം 30 മിനിറ്റിനുള്ളിലാണ് മൂന്ന് കോളും വന്നത്. “ഞാൻ ആർജി കർ ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങൾക്ക് ഉടൻ ഇവിടെ വരാമോ?" എന്നായിരുന്നു രാവിലെ 10.53ഓടെ വന്ന ആദ്യഫോൺ കോളിൽ ഇരയുടെ പിതാവിനോട് ചോദിച്ചത്. “എന്തിനാണ്? എന്താണ് സംഭവിച്ചത്?" എന്ന് പിതാവ് ചോദിച്ചപ്പോൾ “നിങ്ങളുടെ മകൾക്ക് ചെറിയ അസുഖമുണ്ട്. ഞങ്ങൾ അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. വേഗം വരാമോ?" എന്നായിരുന്നു മറുപടി. കാര്യങ്ങൾ വ്യക്തമായി പറയാൻ രക്ഷിതാവ് നിർബന്ധിച്ചപ്പോൾ “ഡോക്ടർമാർക്ക് മാത്രമേ വിശദാംശങ്ങൾ നൽകാൻ കഴിയൂ. നിങ്ങളുടെ നമ്പർ കണ്ടെത്തി നിങ്ങളെ വിളിക്കാൻ മാത്രമാണ് ഞങ്ങളെ ഏൽപിച്ചത്. വേഗം വരൂ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കി, നിങ്ങൾ വന്ന ശേഷം ഡോക്ടർമാർ നിങ്ങളെ അറിയിക്കും’ -എന്നായിരുന്നു വിളിച്ച വനിതയുടെ മറുപടി. “അവൾക്ക് പനിയാണോ?” എന്ന് അച്ഛനോടൊപ്പം ഉണ്ടായിരുന്ന അമ്മ ചോദിച്ചപ്പോൾ "വേഗം വരൂ" എന്നായിരുന്നു മറുതലക്കൽ നിന്നുള്ള മറുപടി. "അവളുടെ നില ഗുരുതരമാണോ?" എന്ന് അച്ഛൻ ചോദിച്ചു. “അതെ, അവൾ ഗുരുതരാവസ്ഥയിലാണ്.. വേഗം വാ” എന്ന് വിളിച്ചയാൾ പറഞ്ഞു. ഒരു മിനിറ്റും 11 സെക്കൻഡുമാണ് ആദ്യകോൾ കോൾ നീണ്ടുനിന്നത്.

അഞ്ച് മിനിറ്റിനുശേഷം ഏകദേശം 46 സെക്കൻഡ് നീണ്ട രണ്ടാമത്തെ ഫോൺ കോൾ എത്തി. നേരത്തെ വിളിച്ച വനിത തന്നെയാണ് ഇത്തവണയും വിളിച്ചത്. “അവളുടെ നില ഗുരുതരമാണ്, വളരെ ഗുരുതരമാണ്. കഴിയുന്നതും വേഗം വരൂ” എന്നാണ് ഫോൺ എടുത്ത ഉടൻ പറഞ്ഞത്. തന്റെ മകൾക്ക് എന്ത് സംഭവിച്ചുവെന്ന് പിതാവ് വീണ്ടും ചോദിച്ചപ്പോൾ “ഡോക്ടർമാർക്ക് മാത്രമേ അത് പറയാൻ കഴിയൂ. നിങ്ങൾ ദയവായി വരൂ." എന്ന് ആവർത്തിക്കുകയാണ് വിളിച്ചയാൾ ചെയ്തത്. ആരാണ് വിളിക്കുന്നതെന്ന് വ്യക്തമാക്കൂ എന്ന് പിതാവ് പറഞ്ഞപ്പോൾ “ഞാൻ അസിസ്റ്റൻറ് സൂപ്രണ്ടാണ്. നിങ്ങളുടെ മകളെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. നിങ്ങൾ ദയവായി വന്ന് ഞങ്ങളെ ബന്ധപ്പെടൂ” എന്നായിരുന്നു മറുപടി. “അവൾക്ക് എന്താണ് സംഭവിച്ചത്? അവൾ ഡ്യൂട്ടിയിലായിരുന്നു” എന്ന് പരിഭ്രാന്തിയോടെ അമ്മ പറയുന്നത് കേൾക്കാം. “നിങ്ങൾ വേഗം വരൂ, കഴിയുന്നതും വേഗം” എന്നായിരുന്നു മറുപടി.

മൂന്നാമത്തെ വിളിയിലാണ് മകൾ മരിച്ചതായും ആത്മഹത്യയാണെന്നും പറയുന്നത്. “ദയവായി കേൾക്കൂ... ഞങ്ങൾ നിങ്ങളോട് ആവർത്തിച്ച് പറഞ്ഞിരുന്നു... നിങ്ങളുടെ മകൾ... ആത്മഹത്യ ചെയ്‌തിരിക്കാം... അല്ലെങ്കിൽ മരിച്ചതാകാം. പൊലീസ് ഇവിടെയുണ്ട്. ഹോസ്പിറ്റലിൽ ഞങ്ങൾ എല്ലാവരുമുണ്ട്. നിങ്ങൾ വേഗം വരാനാണ് വിളിക്കുന്നത്’ -28 സെക്കൻഡ് നീണ്ടുനിന്ന കോളിൽ പറഞ്ഞു.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള സംശയാസ്പദമായ ഈ ഫോൺവിളിയെക്കുറിച്ച് സി.​ബി.ഐയും അന്വേഷിക്കുന്നുണ്ട്. കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ആസൂത്രിത ശ്രമം നടന്നിരുന്നോ എന്നാണ് ​അന്വേഷണ സംഘം പരിശോധിക്കുന്നത്. കുറ്റകൃത്യം മറച്ചുവെക്കാൻ ആശുപത്രി അധികൃതരും പൊലീസും ഗൂഢാലോചന നടത്തുകയായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ ഭീകരതയെക്കുറിച്ച് പൂർണ്ണമായി അറിയാവുന്ന ആശുപത്രി മാനേജ്‌മെൻറ് എങ്ങനെയാണ് ഇത്ര നിസ്സംഗതയോടെ രക്ഷിതാക്കളെ വിവരം അറിയിക്കുന്നതിൽ കൃത്രിമം കാണിച്ചതെന്ന് കൊലപാതകത്തിൽ പ്രതിഷേധിച്ച് സമരം തുടരുന്ന വിദ്യാർഥി ചോദിച്ചു.

Tags:    
News Summary - 'She's Unwell...Hurry...She Might've Died By Suicide': Calls To Doctor's Parents Prove RG Kar Flip-Flop?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.