ലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗത്തിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത് യു.പി െപാലീസ്. മാധ്യമപ്രവർത്തകനായ വിനീത് നരേയ്ൻ കൂടാതെ അൽക ലഹോട്ടി, രജ്നീഷ് എന്നിവർക്കെതിരെയാണ് കേസ്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 15ാം വകുപ്പ് പ്രകാരവും ഐ.ടി വകുപ്പ് പ്രകാരവുമാണ് കേസ്. ട്രസ്റ്റ് അംഗവും വിശ്വ ഹിന്ദു പരിഷത്ത് നേതാവുമായ ചംപത് റായ്ക്കെതിരെയായിരുന്നു ബിജ്നോർ ഭൂമി കൈയേറ്റ ആരോപണം. ചംപത് റായ്യുടെ സഹോദരന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അഴിമതി ആരോപണത്തിൽ ചംപത് റായ്ക്കും സഹോദരൻ സജ്ഞയ് ബൻസാലിനും പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ബിജ്നോർ പൊലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് റായ്ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും ഗൂഡാലോചന നടത്തിയെന്നും രാജ്യത്തെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി.
മൂന്ന് ദിവസം മുമ്പ് നരേയ്ൻ, ചംപത് റായ്യും സഹോദരനും ബിജ്നോറിൽ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രവാസിയായ അൽക ലഹോട്ടിയുടെ ഉടമസ്ഥതയിലുള്ള പശു ഫാം അടങ്ങിയ 20,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലം റായ്യും സഹോദരൻമാരും കൈയേറി. 2018 മുതൽ കൈയേറ്റം ഒഴിപ്പിക്കാൻ ലഹോട്ടി ശ്രമിക്കുന്നതായും ഇതിനെതിരെ നടപടിയെടുക്കാൻ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നതായും പോസ്റ്റിൽ പറയുന്നു. ലഹോട്ടിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നരേയ്നെ ഫോണിൽ ബന്ധപ്പെടാൻ ബൻസാൽ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് രജ്നീഷ് എന്ന് പരിചയപ്പെടുത്തിയയാളാണെന്നും അയാൾ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബൻസാലിന്‍റെ പരാതിയിൽ പറയുന്നു. രാമക്ഷേത്ര നിർമാണത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടും ചംപത് റായ്ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.