മഹുവ മൊയ്ത്ര

രേഖ ശർമക്കെതിരായ പരാമര്‍ശം: മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് വനിതാ കമീഷൻ

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ ദേശീയ വനിത കമീഷന്‍ കേസെടുത്തു. കമീഷന്‍ അധ്യക്ഷ രേഖ ശർമക്കെതിരായ പരാമര്‍ശത്തിലാണ് സ്വമേധയാ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്ന് കമീഷന്‍ വിലയിരുത്തി. മഹുവക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമീഷൻ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചു.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസിനും കമീഷൻ കത്തയച്ചു. മഹുവ ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പു പ്രകാരമുള്ള കുറ്റം ചെയ്തതെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും കമീഷൻ ആവശ്യപ്പെട്ടു. അതേസമയം, പരാതിയില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസിനെ മഹുവ വെല്ലുവിളിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ ബംഗാളിലെ നാദിയയില്‍ ഉണ്ടാകുമെന്നും പറഞ്ഞു.

ഹാഥറസിലെത്തിയ രേഖ ശര്‍മക്ക് ഒരാള്‍ കുട പിടിച്ചുകൊടുത്തതിനെ വിമര്‍ശിച്ചുകൊണ്ട് എക്സിൽ കുറിപ്പു പങ്കുവെച്ചതാണ് മഹുവക്കെതിരായ കേസിനാധാരം. ബോസിന്‍റെ വസ്ത്രം താങ്ങി നടക്കുന്ന തിരക്കിലാണ് രേഖയെന്നും മഹുവ പരിഹസിച്ചു. രേഖ ശര്‍മ എന്തുകൊണ്ട് സ്വന്തമായി കുട പിടിച്ചില്ലെന്ന് ആദ്യം ചോദ്യമുന്നയിച്ചത് ഒരു മാധ്യമപ്രവര്‍ത്തകയാണ്. പിന്നാലെ മഹുവ ഇത് ഏറ്റുപിടിച്ചു. താന്‍ ആരോടും കുട പിടിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രേഖ വിശദീകരിച്ചു. കൂടുതല്‍ സമയവും കുടയ്ക്ക് പുറത്തായിരുന്നുവെന്നും അവർ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Tags:    
News Summary - Case Against Trinamool MP Mahua Moitra For Remarks Against Women's Panel Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.