ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോ കേസിൽ സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജന്‍റെ ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിച്ചില്ല. ഹരജിയുടെ കാര്യം ബുധനാഴ്ച പരാമർശിച്ചിരുന്നുവെന്നും കേസ് നമ്പർ കിട്ടിയിട്ടുണ്ടെന്നും രോഹിത് രഞ്ജന്‍റെ അഭിഭാഷകൻ സിദ്ധർഥ് ലൂഥ്റ ബോധിപ്പിച്ചപ്പോൾ കേസ് ഫയൽ ചീഫ് ജസ്റ്റിസിന് മുന്നിലാണെന്നും ഈ ബെഞ്ചിൽ ഹരജി വരണമെന്നില്ലെന്നും ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. ഹരജി സമർപ്പിക്കുന്നതിന് മുമ്പ് കോടതിയോട് അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന്‍റെ നടപടിയിൽ സുപ്രീംകോടതി ബുധനാഴ്ച രോഷം പ്രകടിപ്പിച്ചിരുന്നു.
വ്യാഴാഴ്ച കേൾക്കാമെന്ന് ബെഞ്ച് ഉത്തരവിട്ട ശേഷമാണ് സുപ്രീംകോടതി രജിസ്ട്രിയിൽ കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് അഡ്വക്കറ്റ് ഓൺ റെക്കോഡ് അറിയിച്ചത്. ഇനിയും സമർപ്പിക്കാത്ത ഹരജി അടിയന്തരമായി പരിഗണിക്കാൻ ആവശ്യപ്പെട്ടത് കേട്ട് ക്ഷുഭിതയായ ജസ്റ്റിസ് ഇന്ദിര ബാനർജി അടിസ്ഥാനമില്ലാത്ത നടപടിയാണിതെന്നും കോടതി ശക്തമായ നിലപാടെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. ആശയക്കുഴപ്പമുണ്ടായതിന് ലൂഥ്റ കോടതിയോട് ക്ഷമാപണം നടത്തി.
ചൊവ്വാഴ്ച സീ ന്യൂസ് അവതാരകനെ ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നൽകി രക്ഷിച്ചിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്ന രോഹിത് ഒരേ കുറ്റത്തിന് ഛത്തിസ്ഗഢിലും രാജസ്ഥാനിലും നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിനെതിരെയാണ് ബുധനാഴ്ച സുപ്രീംകോടതിയിലെത്തിയത്.
വയനാട്ടിൽ തന്‍റെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐക്കാരായ കുട്ടികളോട് തനിക്ക് ദേഷ്യമോ ശത്രുതയോ ഇല്ലെന്ന രാഹുലിന്‍റെ വാക്കുകൾ രാജസ്ഥാനിലെ കനയ്യാ ലാലിന്‍റെ ഘാതകരെ കുറിച്ച് പറഞ്ഞതാക്കി വ്യാജ വിഡിയോ സൃഷ്ടിച്ച് സീ ന്യൂസിൽ കാണിച്ചതാണ് രോഹിത് രഞ്ജനെതിരായ കേസ്.
ഛത്തിസ്ഗഢിന് പുറമെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും വ്യാജ വിഡിയോക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിച്ചമച്ച വിഡിയോ പങ്കുവെച്ച ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ രാജ്യവർധൻ സിങ് റാത്തോഡിനെയും പ്രതിയാക്കിയാണ് എഫ്.ഐ.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.