ദിസ്പൂർ: 'ലവ് ജിഹാദി'നെ നേരിടാൻ യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയ സംഭവത്തിൽ ബജ്റംഗ്ദളിനെതിരെ കേസെടുത്ത് അസം പൊലീസ്. അസമിലെ ദാരംഗ് ജില്ലയിലായിരുന്നു സംഭവം. പരിശീലന പരിപാടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഘാടകർക്കെതിരെ അസം പൊലീസ് കേസെടുത്തിട്ടുണ്ട്.
ജൂലൈ 24 മുതൽ 30 വരെ നീളുന്ന നാല് ദിവസത്തെ പരിശീലന പരിപാടിയായിരുന്നു ബജ്റംഗ്ദൾ നടത്തിയത്. ഇതിൽ 18നും മുപ്പതിനും ഇടയിൽ പ്രായമുള്ള നാനൂറോളം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. തോക്കുൾപ്പെടെ ആയുധങ്ങൾ നൽകിയായിരുന്നു പരിശീലനമെന്നും അസം ബദ്റംഗ്ദള് പ്രസിഡന്‍റ് ദിനേശ് കലിത തന്നെ പറഞ്ഞിരുന്നു. ഹിന്ദു രാഷ്ട്രം എങ്ങനെ സൃഷ്ടിക്കാമെന്നും ലവ് ജിഹാദ് എങ്ങനെ ഇല്ലാതാക്കാമെന്നതുമാണ് പരിശീലനത്തിന്‍റെ ലക്ഷ്യം. ലവ് ജിഹാദിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് നടപ്പിലായില്ലെന്നും അതുകൊണ്ടാണ് ക്യാമ്പ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ബി.ജെ.പി സർക്കാർ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും ആയുധ പരിശീലനം നടത്താൻ അധികാരം നൽകുന്ന നിയമം രാജ്യത്തില്ലെന്നും അസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ പറഞ്ഞു ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മദ്രസ ബുൾഡോസർ കൊണ്ട് തകർത്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ദളിന്‍റെ ആയുധ പരിശീലനത്തിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. രാജ്യത്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി ഭീകരാന്തരീക്ഷം സ്ഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈ തന്ത്രം നിരത്തി 2024 തെരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ബോറ വ്യക്തമാക്കി.
അതേസമയം പരിശീലന ക്യാമ്പിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി യുവാക്കൾ തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരിശീലിക്കുന്നതും ആയോധനകലകൾ അഭ്യസിക്കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവും അസം പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥ ഒരു സംഘടനക്കും ഇത്തരത്തിൽ ആയുധ പരിശീലനം നടത്താനുള്ള് അനുവാദം നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.