ബംഗളൂരു: ഹൊന്നാവറിൽ യുവാവ് മുങ്ങിമരിച്ച സംഭവം ലവ് ജിഹാദുമായി ബന്ധപ്പെട്ടാണെന്നാരോപിച്ച് ബി.ജെ.പി നടത്തിയ അക്രമങ്ങളിലെ പ്രതികൾക്കെതിരായ കേസുകൾ സർക്കാർ പിൻവലിച്ചു. ഇപ്പോഴത്തെ നിയമസഭ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡേ കഗേരി ഉൾപ്പെടെ 112 നേതാക്കൾക്കെതിരായ കേസുകളാണ് സർക്കാർ പിൻവലിച്ച് ചൊവ്വാഴ്ച ഉത്തരവിട്ടത്. 2017 ഡിസംബർ ആറിന് പരേഷ് മെസ്ത (18) മരിച്ച സംഭവമാണ് അക്രമത്തിലേക്ക് വഴിമാറിയത്. ഹൊന്നാവർ ടൗണിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയ മെസ്തയെ കാണാതാവുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഷെട്ടികെരെ തടാകത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം ലഭിച്ചു. മുസ്ലിംകൾ കൊലപ്പെടുത്തി തള്ളിയതാണെന്നാരോപിച്ച് സംഘ്പരിവാർ രംഗത്തുവന്നു. എം.പിയും നിലവിൽ കേന്ദ്ര മന്ത്രിയുമായ ശോഭ കരന്ത്ലജെയുടെ നേതൃത്വത്തിൽ തീവ്ര ഹിന്ദു സംഘടനകൾ തെരുവിലിറങ്ങുകയായിരുന്നു. ഐ.ജിയുടേതുൾപ്പെടെ പൊലീസ് വാഹനങ്ങൾ തകർത്തു. സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചു.
എന്നാൽ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബി.ജെ.പി ആരോപണങ്ങൾ തള്ളുന്നതായിരുന്നു. കൊലപാതകമെന്ന് പറയാവുന്ന തെളിവുകൾ മൃതദേഹത്തിൽ കണ്ടെത്താനായില്ല. ശരീരത്തിൽ ഹനുമാൻ പച്ചകുത്തിയ ഭാഗം ചുരണ്ടിയെടുത്തുവെന്ന ആരോപണവും ശരിയല്ലെന്ന് തെളിഞ്ഞു. അന്നത്തെ സിദ്ധരാമയ്യ സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. ബി.ജെ.പിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയ സി.ബി.ഐ, കേസ് അവസാനിപ്പിക്കുന്നതിനുള്ള ബി-റിപ്പോർട്ടാണ് സമർപ്പിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ വർഗീയ പ്രചാരണത്തിന് സംസ്ഥാന വ്യാപകമായി സംഭവം ബി.ജെ.പി ഉപയോഗിച്ചിരുന്നു. അക്രമ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത 26 കേസുകളാണിപ്പോൾ സർക്കാർ പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.