കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്യുകയാണെന്നും എന്നാൽ ഇത് അവർക്ക് 2024ലെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തിൽ ഇതാദ്യമായാണ് മമത ബാനർജി പ്രതികരിക്കുന്നത്.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ പിന്തുണക്കുന്നുവെന്ന സൂചനയാണ് മമതയുടെ മറുപടി. ആരോപണം ഉയർന്നതുമുതൽ പാർട്ടിയോ മുഖ്യമന്ത്രിയോ മഹുവയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നില്ല. അതോടെ പാർട്ടിക്ക് അനഭിമതയാണ് മഹുവയെന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചു.
ആരോപണത്തിനു പിന്നാലെ എത്തിക്സ് കമ്മിറ്റി മഹുവയെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ മഹുവയെ എം.പിസ്ഥാനത്ത് നിന്ന് അയോഗ്യയാക്കാനും കമ്മിറ്റി ശുപാർശ ചെയ്തു. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നടപടിയെടുക്കാനാണ് സാധ്യത. നവംബർ ഒന്നിനാണ് മഹുവ ചോദ്യംചെയ്യുന്നതിനായി എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായത്.
പ്രധാനമന്ത്രിക്കും അദാനി ഗ്രൂപ്പിനും എതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. വ്യവസായിയുമായി മഹുവ പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകളും ദുബെ ഹാജരാക്കിയിരുന്നു. ദർശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങൾ ദർശന് കൈമാറിയത് സമ്മതിച്ച മഹുവ കോടികൾ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും മറുപടി നൽകുകയുണ്ടായി.
ദർശൻ ദുബൈയിൽ നിന്നാണ് മഹുവയുടെ ലോഗിൻ ഐ.ഡി ഒന്നിലേറെ തവണ ഉപയോഗിച്ചത്. അതേസമയം, ലോഗിൻ വിവരങ്ങൾ പങ്കുവെക്കാൻ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്സ് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അങ്ങനെ നിയമമുണ്ടെങ്കിൽ എം.പിമാരുമായി ഇക്കാര്യം പങ്കുവെക്കണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.