ലഖ്നോ: ഉത്തർപ്രദേശിലെ ജുവനൈൽഹോമിന്റെ ശുചിമുറിയിൽ 16കാരനായ ദലിത് ബാലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുലന്ദ്ശഹറിൽ തിങ്കളാഴ്ചയാണ് സംഭവം. സവർണരായ അന്തേവാസികൾ ബാലനെ ക്രൂരമായി മർദിച്ചിരുന്നതായി കുടുംബം ആരോപിച്ചു.
'തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മകൻ തൂങ്ങിമരിച്ചതായി എനിക്ക് ഒരു ഫോൺകോൾ വന്നു. പക്ഷേ അവനെ കൊലപ്പെടുത്തിയതാണെന്ന് എനിക്ക് ഉറപ്പുണ്ട്' -കച്ചവടക്കാരനായ കുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
'രണ്ട് ദിവസം മുമ്പ് ഞാൻ അവനെ കണ്ടിരുന്നു. അവിടെ നിന്ന് പുറത്തിറക്കാൻ എന്നോട് അവൻ കരഞ്ഞ് പറഞ്ഞു. ജുവനൈൽ ഹോം ജീവനക്കാരുമായി ഒത്തുചേർന്ന് അന്തേവാസികളിൽ ചിലർ അവനെ ക്രൂരമായി മർദിക്കുന്നുവെന്നാണ് അവൻ കരഞ്ഞ് പറഞ്ഞത്. വാരിയെല്ലുകൾ ഒടിഞ്ഞുവെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. അവന്‍റെ ഇടുപ്പ് എല്ലിനും പരിക്കേറ്റിട്ടുണ്ട്. എനിക്ക് എന്ത് ചെയ്യാൻ കഴിയും? അവനെ പുറത്തിറക്കാൻ ഞാൻ പരിശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ അവൻ മരിച്ചു' -കുട്ടിയുടെ പിതാവ് പറഞ്ഞു.
സവർണ ജാതിയിൽ പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് 16കാരനെ ജൂലൈ 30ന് ജുവനൈൽ ഹോമിലാക്കിയത്. അംറോഹയിൽ തങ്ങളുടെ വീടിന്‍റെ മുകളിലെ നിലയിൽ താമസിച്ചിരുന്ന കുടുംബത്തിലെ പെൺകുട്ടിയുമായി കൗമാരക്കാരൻ പ്രണയത്തിലായിരുന്നു. ഇരുവരും സമപ്രായക്കാരായിരുന്നു. എന്നാൽ കുറച്ച് കാലങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ കുടുംബം താമസം മാറിയെങ്കിലും ഇരുവരും ബന്ധം പുലർത്തി. പെൺകുട്ടിയായിരുന്നു തന്നെ കൂട്ടിക്കൊണ്ടുപോകാൻ അവനോട് ആവശ്യപ്പെട്ടതെന്ന് അമ്മാവൻ സാക്ഷ്യപ്പെടുത്തി. ഇരുവരും ഒളിച്ചോടിയതിന് പിന്നാെല പെൺകുട്ടിയുടെ കുടുംബം പരാതി നൽകുകയായിരുന്നു.
സവർണജാതിക്കാരിയായ പെൺകുട്ടിയുമായി ഒളിച്ചോടാൻ എങ്ങനെ ധൈര്യം വന്നുവെന്നും ചോദിച്ച് കൗമാരക്കാരനെ ചിലർ സ്ഥിരം മർദിക്കാറുണ്ടായിരുന്നു. ജാതീയമായും അധിക്ഷേപിച്ചു. ജുവനൈൽ ഹോം അധികൃതരോട് കുടുംബം പരാതിെപട്ടെങ്കിലും മർദനം കൂടിയതല്ലാതെ കുറഞ്ഞില്ല. മരിച്ച കൗമാരക്കാരന്‍റെ പിതാവിന്‍റെ പരാതിയനുസരിച്ച് എട്ടുപേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.