ന്യൂഡൽഹി: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും രാജ്യത്ത് ജാതീയത തുടച്ചുനീക്കപ്പെട്ടിട്ടില്ലെന്നും ജാതിയുടെ പേരിൽ നടക്കുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളെക്കുറിച്ച് സിവിൽ സമൂഹം ശക്തമായ വിയോജിപ്പോടെ പ്രതികരിക്കേണ്ട സമയമായെന്നും സുപ്രീം കോടതി. 1991ലെ ഉത്തർപ്രദേശ് ദുരഭിമാനക്കൊലയിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ ഹരജികളിൽ വിധി പറയുകയായിരുന്നുന്നു കോടതി. ദുരഭിമാനക്കൊലകൾ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ അധികാരികൾക്ക് നേരത്തെ നിരവധി നിർദ്ദേശങ്ങൾ നൽകിയിരുന്നതായും കോടതി ഓർമിപ്പിച്ചു.
ആ നിർദ്ദേശങ്ങൾ കൂടുതൽ കാലതാമസമില്ലാതെ നടപ്പിലാക്കണം കോടതി ആവശ്യപ്പെട്ടു. വിചാരണകൾ കളങ്കരഹിതമാകുന്നതിന് സാക്ഷികളെ സംരക്ഷിക്കുന്നതിൽ സംസ്ഥാനത്തിന് കൃത്യമായ പങ്ക് വഹിക്കാനുണ്ടെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്നും നിലനിൽക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള ആചാരങ്ങളാൽ നിലനിൽക്കുന്ന 'ജാതിഭ്രാന്ത്' എല്ലാ പൗരന്മാർക്കും തുല്യത എന്ന ഭരണഘടനയുടെ ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ജാതി-സാമൂഹിക മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് രണ്ട് യുവാക്കളെയും ഒരു യുവതിയെയും ഏകദേശം 12 മണിക്കൂർ ശാരീരികമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 75 വർഷമായിട്ടും ജാതി തുടച്ചുനീക്കപ്പെട്ടിട്ടില്ലെന്ന വസ്തുതയാണ് രാജ്യത്ത് ജാതി പ്രേരിതമായ അക്രമത്തിന്‍റെ പരമ്പരകൾ തെളിയിക്കുന്നത് -ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ് എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.