മദ്യനയം: ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന സിസോദിയയുടെ ആവശ്യം അംഗീകരിച്ച് സി.ബി.ഐ

ന്യൂഡൽഹി: ബജറ്റ് തയാറാക്കാനുള്ളതിനാൽ മദ്യനയ കേസിൽ ഇന്നത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആവശ്യം സി.ബി.ഐ അംഗീകരിച്ചു. പുതിയ സമൻസ് ഉടൻ അയക്കും.

ഡൽഹി ധനമന്ത്രിയെന്ന നിലയിൽ ബജറ്റ് തയാറാക്കേണ്ടത് അത്യാവശ്യമായതിനാൽ തിരക്കിലാണെന്നും അതിനാൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നും ഇന്ന് രാവിലെയാണ് സിസോദിയ സി.ബി.​ഐയെ അറിയിച്ചത്. ഫെബ്രുവരി അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നും അന്വേഷണ ഏജൻസികളോട് സഹകരിക്കുന്ന ആളാണ് താനെന്നും സിസോദിയ പറഞ്ഞിരുന്നു.

ഡൽഹിയുടെ ബജറ്റ് തയാറാക്കൽ അവസാന ഘട്ടത്തിലാണെന്നും അതിനായി രാവും പകലും അധ്വാനിക്കുകയാണെന്നും സിസോദിയ എൻ.ഡി.ടി.വിയോട് പറഞ്ഞു. അറസ്റ്റിനെ ഭയമില്ലെന്നും എവിടേക്കും ഓടിപ്പോകില്ലെന്നും പറഞ്ഞ സിസോദിയ ഇപ്പോൾ ഡൽഹിയിലെ ജനങ്ങളാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടി.

ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സിസോദിയക്ക് നോട്ടീസ് നൽകിയിരുന്നു. ചാർജ്ഷീറ്റ് സമർപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് സി.ബി.ഐ സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

പുതിയ തെളിവുകൾ ലഭിച്ചതിന്റെ പശ്ചാതലത്തിലാണ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സി.ബി.ഐ വിശദീകരണം. അറസ്റ്റ് ചെയ്യപ്പെട്ട വ്യവസായികളായ വിജയ് നായർ, അഭിഷേക് എന്നിവരുൾപ്പടെ ഏഴ് പ്രതികളാണ് മദ്യനയ കേസിലുള്ളത്.

Tags:    
News Summary - CBI Accepts Manish Sisodia's Request For More Time, No New Date Yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.