ന്യൂഡൽഹി: മദ്യനയക്കേസിൽ ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി.ബി.ഐ ഓഫിസ് വിട്ടു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തന്നോട് ആം ആദ്മി പാർട്ടി വിടാൻ സമ്മർദം ചെലുത്തിയെന്നും മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. അല്ലാത്ത പക്ഷം കേസുകൾ തുടരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിസോദിയയെ ജയിലിലടക്കാനാണ് ബി.ജെ.പി ലക്ഷ്യമെന്ന് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. എന്നാൽ, ഒരു ജയിലിലും അദ്ദേഹത്തെ പാർപ്പിക്കാൻ കഴിയില്ലെന്നും ജയിലിന്റെ പൂട്ടുകൾ തകർന്ന് മനീഷ് സിസോദിയ സ്വതന്ത്രനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
സിസോദിയയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച സഞ്ജയ് സിങ് എം.പി ഉൾപ്പെടെ നിരവധി എ.എ.പി നേതാക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. നൂറോളം നേതാക്കളെയും പ്രവർത്തകരെയും സി.ബി.ഐ ഓഫിസിന് പുറത്ത് തടഞ്ഞുവെക്കുകയും ചെയ്തു.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയിൽനിന്ന് അന്വേഷണത്തിന് അനുമതി ലഭിച്ചതിനെത്തുടർന്ന് സിസോദിയയുടെ വീട്ടിൽ സി.ബി.ഐ നിരവധി തവണ പരിശോധനകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.