ന്യൂഡൽഹി: കൈക്കൂലിക്കേസിൽ സി.ബി.ഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയതായി റിപ്പോർട്ട്. തട്ടിപ്പ് കേസിലകപ്പെട്ട മരുന്ന് കമ്പനിയായ സ്റ്റെർലിങ് ബയോടെക്കിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നതായിരുന്നു കേസ്. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അസ്താനയെ കുറ്റവിമുക്തനാക്കിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
രണ്ടാം തവണയാണ് അന്വേഷണ ഏജൻസി രാകേഷ് അസ്താനക്ക് ക്ലീൻ ചിറ്റ് നൽകുന്നത്. 2018ൽ സി.ബി.ഐയിൽനിന്ന് നീക്കുന്നതു വരെ വിവാദങ്ങൾ അസ്താനയെ വിട്ടൊഴിഞ്ഞിരുന്നില്ല. നിലവിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്) മേധാവിയാണ് രാകേഷ് അസ്താന.
അസ്താനക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ഫയലിൽ സി.ബി.ഐ ഡയറക്ടർ പദവിയിൽ നിന്ന് കഴിഞ്ഞയാഴ്ച വിരമിച്ച ആർ.കെ. ശുക്ല ജനുവരി മധ്യത്തോടെ ഒപ്പു വച്ചുവെന്നാണ് വിവരം. തെളിവിെൻറ അഭാവത്തിൽ അന്വേഷണ സംഘത്തിെൻറയും അതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടേയുമെല്ലാം സംയുക്ത തീരുമാനപ്രകാരമാണ് രാകേഷ് അസ്താനക്ക് ക്ലിീൻ ചിറ്റ് നൽകിക്കൊണ്ട് കേസ് തീർപ്പാക്കുന്നതെന്നാണ് റിപ്പോർട്ട്.
2017 ആഗസ്റ്റ് 30നാണ് മൂന്ന് ഉദ്യോഗസ്ഥർക്കും സ്റ്റെർലിങ് ബയോടെക്കിനും ഒരു സർക്കാർ ഉദ്യോഗസ്ഥനുമെതിരെ അഴിമതിയാരോപണത്തിൽ സി.ബി.ഐ കേസെടുത്തത്. സ്റ്റെറലിങ് ബയോടെക്കിെൻറ പ്രമോട്ടർമാരായ ചേതൻ സന്ദേസര, നിതിൻ സന്ദേസര എന്നീ സഹോദരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ 2011ൽ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയാണ് കേസിനാധാരം.
രാകേഷ് അസ്താന സന്ദേസര സഹോദരൻമാരിൽ നിന്ന് നാല് കോടി രൂപ കൈക്കൂലി വാങ്ങിയതായി ഡയറിയിലെ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ ഡയറക്ടർ അലോക് വെർമ ആരോപിക്കുകയായിരുന്നു.
എന്നാൽ ഡയറിയിൽ അസ്താനയുടെ പേരിനു നേരെ എഴുതിയ 12 അക്ക നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അത്തരത്തിൽ ഒരു ബാങ്ക് അക്കൗണ്ട് എവിടെയും കണ്ടെത്താൻ സാധിച്ചില്ല. മൂന്ന് വർഷം ഇഴ കീറി പരിശോധിച്ചിട്ടും മതിയായ തെളിവ് ലഭിച്ചില്ലെന്നുമാണ് വിവരം. തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സി.ബി.ഐ കേസ് അവസാനിപ്പിക്കുകയും ആർ.കെ. ശുക്ലയുടെ കാലാവധി അവസാനിക്കുകയും ചെയ്തതോടെ രാകേഷ് അസ്താന തന്നെ വീണ്ടും സി.ബി.ഐ തലപ്പത്തേക്ക് വന്നേക്കാമെന്ന് അഭ്യൂഹമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഹൈപവേർഡ് പാനൽ അടുത്ത സി.ബി.ഐ ഡയറക്ടറെ തീരുമാനിക്കുനനതിനായി അധികം വൈകാതെ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.