ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെ വിശദീകരണവുമായി സി.ബി.ഐ. സിസോദിയയുടെ മറുപടികൾ തൃപ്തികരമായിരുന്നില്ലെന്ന് സി.ബി.ഐ അറിയിച്ചു. ഇന്നലെ എട്ട് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
രാവിലെ 11 മണിയോടെയാണ് ഡൽഹി സി.ബി.ഐ ആസ്ഥാനത്ത് സിസോദിയയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുള്ള ദിനേശ് അറോറയുമായും മറ്റ് പ്രതികളുമായും മന്ത്രിക്ക് ബന്ധമുണ്ടായിരുന്നതായും ഇവരുമായി ഫോൺകോളുകളുൾപ്പട്ടെ നടത്തിയതാണ് അദ്ദേഹത്തെ കുടുക്കിയതെന്നും സി.ബി.ഐ പറഞ്ഞു. അന്വേഷണവുമായി മന്ത്രി സഹകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
"ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട നിർണായക കാര്യങ്ങളിൽ സിസോദിയ വിശദീകരണം നൽകിയിട്ടില്ല. അദ്ദേഹം ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. അതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു"- സി.ബി.ഐ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
കേസിൽ അറസ്റ്റിലാകുന്ന ഡൽഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സി.ബി.ഐ അറിയിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്നും എത്ര മാസം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയാറാണെന്നും ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.