ന്യൂഡൽഹി: ആർ.ജെ.ഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ സി.ബി.ഐ കേസ് ഫയൽ ചെയ്തു. റെയിൽവെ മന്ത്രിയായിരുന്ന സമയത്തുണ്ടായ ക്രമക്കേടുകളുടെ പേരിലാണ് ലാലു, മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ഭാര്യ റാബ്രി ദേവി, ബിഹാര്‍ ഉപമുഖ്യമന്ത്രിയായ മകന്‍ തേജസ്വി യാദവ് എന്നിവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.ആർ.സി.ടി.സി മുൻ മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോയൽ, ലാലുവിന്‍റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽ ലാലുവിന്‍റെയും ബന്ധുക്കളുടെയും സഹായികളുടേയും വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ഡല്‍ഹി, പട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 12 സ്ഥലത്താണ് റെയ്ഡ് നടക്കുന്നത്.
2006 ജനുവരിയില്‍ ഐ.ആർ.സി.ടി.സി റാഞ്ചിയിലേയും പുരിയിലേയും ബി.എന്‍.ആര് ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഇവയുടെ നടത്തിപ്പ് ചുമതല 15 വര്‍ഷത്തേക്ക് ലീസിന് നല്കി. ബി.എന്‍.ആര് ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്. ഐ.ആർ.സി.ടി.സിയുടെ കരാറിന് പകരമായി ലാലുവിന്‍റെ സഹായി പ്രേം ചന്ദ് ഗുപ്തക്ക് സുജാത ഹോട്ടല്‍സ് രണ്ടേക്കര്‍ ഭൂമി നൽകിയെന്നാണ് പരാതി.
നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ എൻ.ഡി.എ സര്‍ക്കാരിന്‍റെ കാലത്താണ് കരാറില്‍ ഒപ്പിട്ടത്. ഐ.ആർ.സി.ടി.സി എംഡിയും രണ്ട് ഡയറക്ടര്‍മാരും കേസില്‍ പ്രതിയാണ്.
ലാലുവിന്‍റെ മകളും രാജ്യസഭാ എം.പിയുമായ മിസ ഭാരതിയെ, 1000 കോടി രൂപയുടെ ബിനാമി കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം ചോദ്യം ചെയ്തിരുന്നു. കേസിൽ ലാലുവിന്‍റെ വസതിയടക്കം 22 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് അന്വേഷണവും നടത്തിയിരുന്നു.
ഇതിനിടെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെ.ഡി.യു എം.എൽ.എമാരുടെ അടിയന്തിര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ആർ.ജെ.ഡി-ജെ.ഡി.യു സഖ്യമാണ് ബിഹാർ ഭരിക്കുന്നത്. ഉപമുഖ്യമന്ത്രിക്കെതിരെ സി.ബി.ഐ കേസെടുത്ത സാഹചര്യത്തിൽ സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.