ലഖ്നോ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മുഖ്യപ്രതിയുമായുണ്ടായ ബന്ധത്തിൽനിന്ന് പിന്മാറിയതിനാലാണെന്ന് സി.ബി.ഐ കുറ്റപത്രം. മുഖ്യപ്രതിയായ സന്ദീപുമായുള്ള ബന്ധത്തിൽനിന്ന് പെൺകുട്ടി പിന്മാറിയിരുന്നു. ഇതോടെ സന്ദീപിന് പക കൂടിയതായും നിരാശനായിരുന്നുെവന്നും സി.ബി.ഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
കുറ്റപത്രത്തിൽ യു.പി പൊലീസിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സെപ്റ്റംബർ 19ന് പെൺകുട്ടി പൊലീസിന് നൽകിയ െമാഴിയിൽ മൂന്നുപേരുടെ പേര് പറഞ്ഞിട്ടും ഒരു പേരുമാത്രമാണ് പൊലീസ് മൊഴിയിൽ
രേഖപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ബലാത്സംഗം നടന്നതായി ആരോപണം ഉയർന്നിട്ടും ഇതുസംബന്ധിച്ച വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ട്. പെൺകുട്ടിയും സന്ദീപും അടുത്തടുത്ത വീടുകളിലായിരുന്നു താമസം. രണ്ടുമൂന്ന് വർഷം മുമ്പ് സന്ദീപ് പെൺകുട്ടിയുമായി സൗഹൃദത്തിലാകുകയും പിന്നീടത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഒറ്റെപ്പട്ട സ്ഥലങ്ങളിൽവെച്ച് ഇരുവരും കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും ഇത് സ്ഥിരീകരിച്ച് ഗ്രാമവാസികൾ മൊഴി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു. മൂന്ന് ഫോൺ നമ്പറുകളാണ് സന്ദീപിനുള്ളത്.
ഒരിക്കൽ ഇരുവരും തമ്മിലുള്ള ഫോൺവിളിയുടെ വിവരം പെൺകുട്ടിയുടെ വീട്ടിൽ അറിയുകയും സന്ദീപിന്‍റെ വീട്ടിലെത്തി അവർ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. നിരവധി ഗ്രാമവാസികൾ ഇതിന് സാക്ഷിയായിരുന്നു. പിന്നീട് ഫോൺ വിളി സംബന്ധിച്ച് സന്ദീപിന്‍റെ ബന്ധുക്കളോട് പെൺകുട്ടിയുടെ പിതാവ് വാക്കാൽ പരാതി പറഞ്ഞതായും ഇതിന് ഗ്രാമവാസികൾ സാക്ഷിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
എന്നാൽ പെൺകുട്ടിയും സന്ദീപും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്ന വിവരം പെൺകുട്ടിയുടെ സഹോദരൻ നിഷേധിച്ചു. 'പെൺകുട്ടിയും പ്രതിയും തമ്മിൽ യാതൊരുവിധ മുൻപരിചയവുമില്ല. അയാൾ എവിടെനിന്നെങ്കിലും ഞങ്ങളുടെ ഫോൺ നമ്പർ കൈക്കലാക്കുകയും മറ്റൊരാളാണെന്ന് നടിച്ച് ഫോൺ വിളികൾ നടത്തുകയുമായിരുന്നു. നിരവധി മിസ്ഡ് കോളുകളും ലഭിക്കും. ഒരിക്കലും പെൺകുട്ടി അവനെ ഫോൺ വിളിച്ചിരുന്നില്ല. ഗ്രാമം മുഴുവൻ ഞങ്ങൾക്കെതിരാണ്. നടന്ന കുറ്റകൃത്യത്തെ വ്യാജമാക്കാൻ അവർ എന്തും ശ്രമിക്കും' -സഹോദരൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെയുള്ള ഫോൺ വിളിയുടെ വിവരങ്ങൾ സി.ബി.ഐ ശേഖരിച്ചു. ഇക്കാലയളവിൽ പെൺകുട്ടിയുടെ കുടുംബത്തിൽനിന്ന് പ്രതിയുടെ ഫോണിലേക്ക് ഹൃസ്വ സമയ ഫോൺ വിളികൾ ലഭിച്ചിരുന്നതായും അ
തേസമയം പ്രതിയുടെ ഫോണിൽനിന്ന് പെൺകുട്ടിയുടെ ഫോണിലേക്ക് പോയ വിളികളിൽ ദീർഘനേരം സംസാരിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. ഈ സമയം ഇരുവരും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നും സി.ബി.െഎ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 2020ന് ശേഷം പെൺകുട്ടിയുടെ ഫോണിൽനിന്ന് പ്രതിയുടെ ഫോണിലേക്ക് വിളികൾ പോയിട്ടില്ല. ഇതിലൂടെ രണ്ടുപേരും തമ്മിലുള്ള ബന്ധം വഷളായതായി കരുതാമെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. മാർച്ച് 20ന് ശേഷം പ്രതിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിരവധി ഫോണുകളിൽനിന്ന് പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചതായും സി.ബി.ഐ പറയുന്നു.
ഹാഥ്റസ് കേസിൽ നാലുപ്രതികൾക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സന്ദീപ് (20), സന്ദീപിന്‍റെ അമ്മാവൻ രവി (35), സുഹൃത്തുക്കളായ രാമു (26), ലവ് കുശ് (23) എന്നിവർക്കെതിരെയാണ് കുറ്റപത്രം. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയാണ് കുറ്റപത്രം.
സെപ്റ്റംബർ 14നാണ് ഗ്രാമത്തിലെ വയലിൽവെച്ച് മേൽജാതിക്കാരായ പ്രതികൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടാഴ്ചക്ക് ശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങി. പെൺകുട്ടിയുടെ മൃതദേഹം അർധരാത്രിയിൽ ബന്ധുക്കളുടെ സമ്മതമില്ലാതെ പൊലീസ് കത്തിച്ചത് വിവാദമായിരുന്നു. സെപ്റ്റംബറിൽ നാലു പ്രതികളുടെ അറസ്റ്റ് രേഖെപ്പടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.