കൊൽക്കത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടുകൾക്ക് കൊൽക്കത്ത പൊലീസ് അന്വേഷണമാരംഭിച്ചു. പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചാണ് അന്വേഷണം. ഇതിനു പുറമെ, കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വാമി വിവേകാനന്ദ സ്റ്റേറ്റ് പൊലീസ് അക്കാദമി ഐ.ജി ഡോ. പ്രണവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നത്.
അടുത്തദിവസം തന്നെ ഡോ. സന്ദീപ് ഘോഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. 2021 ജനുവരി മുതലുള്ള ക്രമക്കേടാണ് അന്വേഷിക്കുന്നത്.
ആഗസ്റ്റ് ഒമ്പതിന് ആശുപത്രിയിലെ സെമിനാർ ഹാളിൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കൊല്ലപ്പെട്ട ഡോക്ടറുടെ പേര് ഡോ. സന്ദീപ് ഘോഷ് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ചും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശ്യാംബസാർ മെട്രോ സ്റ്റേഷനു സമീപം അഞ്ച് ദിവസം സമരം നടത്താൻ കൽക്കത്ത ഹൈകോടതി ബി.ജെ.പിക്ക് അനുമതി നൽകി. ആറു ദിവസത്തെ അനുമതിയാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. ഒരു ദിവസത്തെ സമരം അനുവദിക്കാമെന്നാണ് സർക്കാർ അഭിഭാഷകൻ പറഞ്ഞത്. രണ്ട് കൂട്ടരുടെയും വാദം കേട്ട ശേഷമാണ് ബുധനാഴ്ച മുതൽ അഞ്ചു ദിവസത്തേക്ക് അനുമതി നൽകിയത്. ഉച്ച 12 മുതൽ രാത്രി ഒമ്പത് വരെ 300 പേരിൽ കൂടാതെ സമരം നടത്താനാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.