ന്യൂഡൽഹി: തെന്ന കള്ളക്കേസിൽ കുടുക്കാനുള്ള സമ്മർദശത്തത്തുടർന്ന് സി.ബി.ഐ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്തിനാണ് ഉദ്യോഗസ്ഥരെ ഇത്രയധികം സമ്മർദ്ദത്തിലാക്കുന്നതെന്നും സിസോദിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. 'ഒരു സിബിഐ ഉദ്യോഗസ്ഥനുമേൽ എന്നെ കള്ളക്കേസിൽ കുടുക്കാൻ സമ്മർദ്ദം ചെലുത്തി. മാനസിക സമ്മർദം താങ്ങാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്തു. എന്തുകൊണ്ടാണ് ഉദ്യോഗസ്ഥരെ ഇത്രയധികം സമ്മർദ്ദം ചെലുത്തി ഇത്രയധികം നടപടികളെടുക്കുന്നതെന്ന് എനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആഗ്രഹമുണ്ട്'-സിസോദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.ബി.ഐയിലെ ഡെപ്യൂട്ടി ലീഗൽ അഡ്വൈസറായ ജിതേന്ദ്ര കുമാർ കഴിഞ്ഞയാഴ്ച ദക്ഷിണ ഡൽഹിയിലെ വസതിയിൽ ആത്മഹത്യ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ 6.45 ഓടെ ഡിഫൻസ് കോളനി പോലീസ് സ്‌റ്റേഷനിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ കൊണ്ടുവന്ന ഡൽഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സിസോദിയയുടെ ഡൽഹി വസതിയിൽ സി.ബി.ഐ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു.
എന്നാൽ സിസോദിയയുടെ ആരോപണങ്ങൾ സി.ബി.ഐ തള്ളിക്കളഞ്ഞു. ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമാണെന്നുമാണ് സി.ബി.ഐ പറയുന്നത്.
മദ്യക്കേസിൽ എ.എ.പി സർക്കാരിനെ കുടുക്കാൻ ബി.ജെ.പി ഇറങ്ങിത്തിരിച്ചതിനുപിന്നാലെയാണ് സിസോദിയ വാർത്താസമ്മേളനം നടത്തിയത്. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ ബാങ്ക് ലോക്കറുകൾ സി.ബി.ഐ പരിശോധിച്ചിരുന്നു. തന്‍റെ ബാങ്ക് ലോക്കറിൽനിന്ന് സി.ബി.ഐക്ക് ഒന്നും കണ്ടെത്താനായില്ലെന്നും തനിക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് കിട്ടിയെന്നും സിസോദിയ പറയുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരുടെ നാലംഗ സംഘം ഗാസിയാബാദിലെ വസുന്ധരയിലുള്ള പഞ്ചാബ് നാഷൽ ബാങ്ക് ബ്രാഞ്ചിൽ ചെവ്വാഴ്ച രണ്ടുമണിക്കൂറോളം പരിശോധന നടത്തുകയായിരുന്നു. പരിശോധനയുടെ സമയത്ത് സിസോദിയയും ഭാര്യയും ബാങ്കിൽ ഉണ്ടായിരുന്നു.
'വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഒന്നും കിട്ടാത്തതുപോലെ ഇന്നത്തെ റെയ്ഡിലും സി.ബി.ഐക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. എനിക്ക് ക്ലീൻ ചിറ്റ് കിട്ടിയതിൽ സന്തോഷമുണ്ട്. സി.ബി.ഐ ഓഫീസർമാർ നല്ലരീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങളും അവരോട് സഹകരിച്ചു. സത്യം ജയിച്ചു' -സിസോദിയ പറഞ്ഞു. എന്നാൽ മുകളിൽ നിന്നും ഉത്തരവുള്ളതിനാൽ അവർ തന്നെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും സിസോദിയ അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് 19നാണ് സിസോദിയയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്. ഡൽഹിയിലെ പുതിയ മദ്യനയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിൽ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്. അയോഗ്യരായ നിരവധി പേർക്ക് കൈക്കൂലി വാങ്ങി മദ്യവിൽപന ലൈസൻസ് നൽകിയെന്നാണ് സിസോദിയക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.