ഹസാരിബാഗ്: നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം ഝാർഖണ്ഡിലെ ഹസാരിബാഗ് സ്കൂളിലെത്തി പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു. ഹസാരിബാഗ് നീറ്റ്-യു.ജി ജില്ല കോഓഡിനേറ്റർ കൂടിയായിരുന്ന ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഇഹ്സാനുൽ ഹഖിനെയാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
തുടർ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ ഹസാരിബാഗിലെ ഛഢിയിലേക്ക് കൊണ്ടുപോയി. മുതിർന്ന മാനേജ്മെന്റ് പ്രതിനിധിയെ ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂളിലുണ്ടായിരുന്ന ദേശീയ ടെസ്റ്റിങ് ഏജൻസി നിരീക്ഷകൻ, സെന്റർ സൂപ്രണ്ട് എന്നിവരും സംശയ നിഴലിലാണെന്ന് അധികൃതർ അറിയിച്ചു. 12 അംഗ സി.ബി.ഐ സംഘം ചൊവ്വാഴ്ചയാണ് ഹസാരിബാഗിലെത്തിയത്. സംഘത്തിലെ എട്ടുപേർ ബുധനാഴ്ച സ്കൂളിലെത്തി. മറ്റുള്ളവർ ജില്ലയിൽ ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റേറ്റ് ബാങ്ക് ശാഖയിലുമെത്തി. ജൂൺ 21ന് ബിഹാർ പൊലീസ് ഝാർഖണ്ഡിലെ ഡിയോഘർ ജില്ലയിൽനിന്ന് ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ, ബിഹാറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കോടതി മൂന്നു ദിവസത്തേക്ക് സി.ബി.ഐ റിമാൻഡിൽ വിട്ടു. ലുട്ടൻ മുഖിയ സംഘവുമായി ബന്ധമുള്ള ബൽദേവ് കുമാർ എന്ന ചിന്റു, മുകേഷ് കുമാർ എന്നിവരെയാണ് റിമാൻഡിൽ വിട്ടത്.
നീറ്റ് പരീക്ഷത്തലേന്ന് ബൽദേവ് കുമാറിന്റെ മൊബൈൽ ഫോണിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തിയ ചോദ്യപേപ്പറിന്റെ പി.ഡി.എഫ് ലഭിച്ചെന്ന് കണ്ടെത്തിയിരുന്നു. മുഖിയ സംഘത്തിലെ മറ്റുള്ളവരെക്കൂടി പിടികൂടാനായി സി.ബി.ഐ വലവിരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർത്തിയത് ഇവരാണെന്നാണ് കരുതുന്നത്. പട്നയിലെ രാമകൃഷ്ണ നഗറിലെ രഹസ്യകേന്ദ്രത്തിൽ ഒരുമിച്ചുകൂടിയ കുട്ടികൾക്ക് ഉത്തരം അടയാളപ്പെടുത്തിയ ചോദ്യപേപ്പർ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേ അറസ്റ്റിലായ നിതീഷ് കുമാർ, അമിത് ആനന്ദ് എന്നിവരാണ് കുട്ടികളെ അവിടെയെത്തിച്ചത്. ഇവർക്ക് ചോദ്യപേപ്പർ ലഭിച്ചത് ഹസാരിബാഗിലെ ഒരു സ്വകാര്യ സ്കൂളിൽനിന്നാണെന്നും കണ്ടെത്തി.
പട്നയിലെ രഹസ്യകേന്ദ്രം സന്ദർശിച്ച സി.ബി.ഐ സംഘം മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സിക്കന്ദർ യാദവേന്ദുവിനെയും ചോദ്യംചെയ്തു. ചോദ്യപേപ്പർ വിതരണം ചെയ്ത പട്നയിലെ മറ്റൊരു വീട്ടിലും ഡൽഹിയിൽനിന്നുള്ള സി.ബി.ഐ സംഘമെത്തി.
മുസഫർപൂർ ജില്ലയിലെ ഒരു സ്കൂളും അന്വേഷണപരിധിയിലാണ്. ഇവിടെ രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ളയാൾ കുട്ടിയുടെ വ്യാജ പേരിൽ പരീക്ഷയെഴുതിയതായി കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.