ന്യൂഡൽഹി: സന്നദ്ധ സംഘടനകൾക്ക് ചട്ടങ്ങൾ മറികടന്ന് വിദേശ സഹായം സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിനൽകുകയും അതിനായി കൈക്കൂലി വാങ്ങുകയും ചെയ്തെന്ന കേസിൽ അഞ്ചു സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച സി.ബി.ഐ രാജ്യവ്യാപകമായി 40 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.
ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി സന്നദ്ധ സംഘടനകൾക്ക് അനധികൃതമായി വിദേശ സഹായ നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരമുള്ള അംഗീകാരം നൽകിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന പ്രതിനിധികൾ, ഇടനിലക്കാർ എന്നിവരാണ് പിടിയിലായത്.
ഹവാല വഴി നടത്തിയ രണ്ട് കോടിയോളം രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയതായാണ് സൂചന. ഡൽഹി, രാജസ്ഥാൻ, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലായിരുന്നു റെയ്ഡ്. ആഭ്യന്തര മന്ത്രാലയം നൽകിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.
വിദേശ സംഭാവന; രാജ്യ വ്യാപക പരിശോധന നടത്തി സി.ബി.ഐ
ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരും എൻ.ജി.ഒകളും നിരീക്ഷണത്തിൽ
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ലംഘകരെ ലക്ഷ്യമിട്ട് രാജ്യ വ്യാപക പരിശോധന നടത്തി സി.ബി.ഐ.
ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ, എൻ.ജി.ഒ പ്രതിനിധികൾ, മറ്റ് ഇടനിലക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് സി.ബി.ഐ പരിശോധന നടക്കുന്നത്. ഡൽഹി, ചെന്നൈ, ഹൈദരബാദ്, കോയമ്പത്തൂർ, മൈസൂർ, രാജസ്ഥാനിലെ ചില സ്ഥലങ്ങളിലും ഉൾപ്പെടെ 40 ഇടങ്ങളിൽ നടന്ന പരിശോധനയിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർ, എൻ.ജി.ഒ പ്രതിനിധികൾ, ഇട നിലക്കാർ തുടങ്ങിയവരിൽ നിന്ന് സുപ്രധാന രേഖകൾ കണ്ടെത്തിയതായാണ് സൂചന. എം.എച്ച്.എ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർ കേസിൽ ഉൾപ്പെട്ടതായി സി.ബി.ഐ വ്യക്തമാക്കി.
രണ്ടു കോടിയുടെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് പരിശോധനയിലൂടെ ഇതുവരെ പുറത്തുവന്നതെന്ന് സി.ബി.ഐ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.