ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജെൻറ ചെന്നൈ ആൽവാർപേട്ടിലെ വീട്ടില്‍ സി.ബി.ഐ പരിശോധന. രണ്ടാം യു.പി.എ സര്‍ക്കാറില്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് സ്വകാര്യ കമ്പനിക്ക് ഝാര്‍ഖണ്ഡില്‍ വനഭൂമിയില്‍ ഖനനം നടത്താന്‍ അനുമതി നല്‍കിയെന്ന കേസിലാണ് നടപടി. ആല്‍വാര്‍പ്പേട്ടിലെ സ്വന്തം വീട്ടിലും ഇവരുടെ അടുത്ത ബന്ധുക്കളുടെയും അനുയായികളുടെയും വീടുകളിലുമായിരുന്നു പരിശോധന. കൂടാതെ, കമ്പനിയുമായി ബന്ധപ്പെട്ട് ഡൽഹി, ഒഡിഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പരിശോധനയുണ്ടായി.
ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ തുടര്‍ന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന 2011--13 കാലത്ത് ഇലക്ട്രോ സ്റ്റീൽ കാസ്റ്റിങ് ലിമിറ്റഡ് എന്ന കമ്പനിക്ക് 55.79 ഹെക്ടര്‍ വനഭൂമി ഖനനത്തിന് അനുവദിച്ചെന്നാണ് സി.ബി.െഎ കേസ്. ജയന്തിക്ക് തൊട്ടു മുമ്പ് പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, 2011 ജൂലൈയില്‍ സ്ഥാനമേറ്റ ജയന്തി പരിസ്ഥിതി നിയമങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് ആരോപണം.
കമ്പനിയുടെ മുന്‍ എം.ഡി. ഉമാംഗ് കെജരിവാളിനെയും പ്രതിചേര്‍ത്ത് കേസെടുത്ത സി.ബി.ഐ, പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ ജയന്തിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നുമാണ് വിവരം. ജയറാം രമേശ് അനുമതി നിഷേധിച്ച പല പദ്ധതികള്‍ക്കും ജയന്തി അനുമതി നല്‍കിയെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.