ഭുവനേശ്വർ: ഒഡീഷ ബാലസോർ തീവണ്ടി ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ, റെയില്‍വേ ജൂനിയർ എന്‍ജിനിയറുടെ വീട് സി.ബി.ഐ ഉദ്യോഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോഗസ്ഥർ സീൽ ചെയ്തത്.
കഴിഞ്ഞ ദിവസം അന്വേഷണ ചുമതലയുള്ള സി.ബി.ഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം അദ്ദേഹത്തിന്റെ വീട് സീൽ ചെയ്യുകയായിരുന്നു. രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളെ ഇതിന് മുൻപ് സി.ബി.ഐ ചോദ്യം ചെയ്തതായും പറയപ്പെടുന്നു.
290 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് അറിയുന്നത്. അതേസമയം ബഹനാഗ സ്റ്റേഷൻ മാസ്റ്ററെ വീടും അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം സന്ദർശിച്ചിരുന്നു. അപകടത്തിന് വഴിവെച്ചത് ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സിസ്റ്റത്തിൽ കൃത്രിമം നടത്തിയതാണെന്ന് ആരോപണം ഉയർന്നിരുന്നു. ട്രെയിൻ അപകടം നടന്ന് നാല് ദിവസത്തിന് ശേഷം ജൂൺ ആറിനാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.