ലഖ്നോ: സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ അന്വേഷണം യു.പി പൊലീസിൽ നിന്ന് സി.ബി.ഐ ഏറ്റെടുത്തു. നരേന്ദ്ര ഗിരിയുടെ മരണം സംബന്ധിച്ച് വിവാദം ഉയർന്ന സാഹചര്യത്തിൽ യു.പി സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. ആറംഗ സി.ബി.ഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് നേരന്ദ്ര ഗിരിയെ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്ര ഗിരി എത്താതിനാൽ അന്വേഷിച്ചെത്തിയ ശിഷ്യർ മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതിൽ പൊളിച്ചു അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരേന്ദ്ര ഗിരി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. നരേന്ദ്ര ഗിരിയുടെ പ്രധാന ശിഷ്യനായ ആനന്ദ് ഗിരി, അനുയായികളായ ആധ്യ തിവാരി, മകൻ സന്ദീപ് തിവാരി എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് നരേന്ദ്ര ഗിരി കുറിപ്പിൽ പറയുന്നുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നരേന്ദ്ര ഗിരി മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോയും പൊലീസ് കണ്ടെടുത്തിരുന്നു. നാലര മിനിറ്റുള്ള വീഡിയോയിലും 13 പേജുള്ള ആത്മഹത്യ കുറിപ്പിലെ കാരണങ്ങൾ തന്നെയാണ് പറയുന്നത്. ഒരു സ്ത്രീക്കൊപ്പമുള്ള തന്‍റെ ചിത്രം ആനന്ദ് ഗിരി കമ്പ്യൂട്ടറിന്‍റെ സഹായത്താൽ സൃഷ്ടിച്ചെന്നും തന്നെ അപകീർത്തിപ്പെടുത്താൻ അത് പ്രചരിപ്പിക്കുമെന്നുമാണ് നരേന്ദ്ര ഗിരി ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണത്തെ തുടർന്ന് മേയിൽ ആശ്രമത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ആനന്ദ് ഗിരി. പിന്നീട് ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും പുനഃസ്ഥാപിച്ചതായി പറയപ്പെടുന്നു.
അഖില ഭാരതീയ അഖാഡ പരിഷത്തിന്‍റെ ലെറ്റർഹെഡിൽ കൈ കൊണ്ട് എഴുതിയ ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത് ഇതാണ്-'ആനന്ദ് ഗിരി കാരണം എന്‍റെ മനസ്സ് ഏറെ അസ്വസ്ഥമാണ്. 2021 സെപ്റ്റംബർ 13ന് ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ, അതിനുള്ള ധൈര്യം കിട്ടിയില്ല. ഇന്ന് എനിക്ക് ഒരു വിവരം കിട്ടി, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു സ്ത്രീക്കൊപ്പമുള്ള എന്‍റെ േഫാട്ടോ കമ്പ്യൂട്ടർ സഹായത്തോടെ ആനന്ദ് ഗിരി സൃഷ്ടിക്കുമെന്നും എന്നെ അപകീർത്തിപ്പെടുത്താൻ അത് പ്രചരിപ്പിക്കുമെന്നും. എന്‍റെ ഭാഗം ന്യായീകരിക്കാൻ എനിക്ക് കഴീയും പക്ഷേ, അതുണ്ടാക്കുന്ന അപമാനം ഞാനെങ്ങിനെ സഹിക്കും? ഇത്രകാലം അന്തസ്സോടെയാണ് ജീവിച്ചത്. അപമാനിതനായി ജീവിക്കാൻ എനിക്ക് കഴിയില്ല. ഫോട്ടോ വൈറലായി കഴിഞ്ഞാൽ എന്തൊക്കെ വിശദീകരണങ്ങളാണ് നിങ്ങൾക്ക് നൽകാൻ കഴിയുക എന്ന് ആനന്ദ് ഗിരി ചോദിച്ചിരുന്നു. ഇതെന്നെ അസ്വസ്ഥനാക്കുകയാണ്. അതുകൊണ്ട് ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചു'. ആനന്ദ് ഗിരി, ആധ്യ തിവാരി, സന്ദീപ് തിവാരി എന്നിവരാണ് തന്‍റെ മരണത്തിന് കാരണക്കാരെന്നും ഇവർ ശിക്ഷിക്കപ്പെട്ടാലേ തന്‍റെ ആത്മാവിന് ശാന്തി ലഭിക്കൂയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
അതേസമയം, കുറിപ്പ് നരേന്ദ്ര ഗിരി എഴുതിയതല്ലെന്നും അദ്ദേഹത്തിന്‍റെ തലക്ക് പരിക്കേറ്റിട്ടുണ്ടെന്നുമൊക്കെയുള്ള ആരോപണങ്ങൾ അഖില ഭാരതീയ അഖാഡ പരിഷത്തിന്‍റെ ഭാഗത്തുനിന്ന് തന്നെ ഉയരുകയും സംഭവത്തിൽ ദുരൂഹത ഏറുകയും ചെയ്തതോടെയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.