തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെതുടർന്ന് റദ്ദാക്കിയ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകളുെട മൂല്യനിർണയത്തിനായി തയാറാക്കിയ മാർഗരേഖയിൽ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ആശങ്ക. വിദ്യാർഥികൾ ഉന്നത പഠനത്തിലേക്ക് മാറുന്ന ഘട്ടത്തിൽ പരിഗണിക്കുന്ന 12ാം ക്ലാസ് മാർക്കിനായി തയാറാക്കിയ മാർഗരേഖ സർട്ടിഫിക്കറ്റിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്. സംസ്ഥാനത്ത് 35,000ത്തോളം വിദ്യാർഥികളാണ് സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് ഹാജരാകേണ്ടിയിരുന്നത്.
10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷക്ക് 30 ശതമാനം വീതവും 12ാം ക്ലാസിലെ യൂനിറ്റ്, ടേം, പ്രീ ബോർഡ് പരീക്ഷകൾക്ക് 40 ശതമാനം വെയ്റ്റേജും നൽകി 12ാം ക്ലാസിെൻറ ഫൈനൽ മാർക്ക് നിശ്ചയിക്കാനാണ് സി.ബി.എസ്.ഇ മുന്നോട്ടുവെച്ച മാർഗരേഖ.
12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിശ്ചയിക്കാൻ പത്ത്, 11 ക്ലാസുകളിലെ മാർക്കിന് ആകെ 60 ശതമാനം വെയ്റ്റേജ് നൽകുന്നതാണ് വിമർശിക്കപ്പെടുന്ന മാർഗരേഖ ഘടകങ്ങളിലൊന്ന്. ഒരുഘട്ടത്തിലും പരിഗണിക്കാത്തതിനാൽ 11ാം ക്ലാസ് പരീക്ഷയെ വിദ്യാർഥികൾ ഗൗരവത്തോടെയല്ല സമീപിക്കുന്നത്.
പത്തിലും 11ലും ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിയാതിരിക്കുകയും 12ാം ക്ലാസിൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്നവർക്കും മാർഗരേഖ തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിയറി പാർട്ടിൽ ആകെയുള്ള 80 മാർക്കിൽ 48 മാർക്കും പത്ത്, 11 ക്ലാസുകളിലെ പ്രകടനത്തെ വിലയിരുത്തിയായിരിക്കും നൽകുക. 32 മാർക്കിനായിരിക്കും 12ാം തരത്തിലെ പ്രകടനം വിലയിരുത്തുക. അതേസമയം, പത്താം ക്ലാസിനുശേഷം സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് പോലുള്ള വിഷയ കോംബിേനഷനുകൾ തെരഞ്ഞെടുത്ത് പഠിച്ച വിദ്യാർഥികളുടെ 12ാം ക്ലാസ് പരീക്ഷ മാർക്കിന് പത്താം ക്ലാസ് മാർക്ക് പരിഗണിക്കുന്നതും ചില വിദ്യാർഥികൾ ചോദ്യം ചെയ്യുന്നു.
12ാംതരത്തിൽ കോമേഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസുമായി താരതമ്യം ചെയ്യുേമ്പാൾ പൊതുവായി പഠിക്കുന്ന വിഷയം ഇംഗ്ലീഷ് മാത്രമാണ്. 12ാം ക്ലാസിലെ കോമേഴ്സ് വിഷയങ്ങളുടെ മാർക്കിന് ഇതുമായി ബന്ധമില്ലാത്ത പത്താം ക്ലാസിലെ മറ്റ് വിഷയങ്ങളിലെ പ്രകടനം പരിഗണിക്കുന്നതിലെ അശാസ്ത്രീയതയും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്ന് പ്രിൻസിപ്പൽമാർ
സി.ബി.എസ്.ഇ തീരുമാനം വിദ്യാർഥികൾക്ക് നല്ലതാണെന്ന് എറണാകുളം തേവക്കൽ വിദ്യോദയ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എസ്തർ ആഗ്നസ്. സി.ബി.എസ്.ഇ തീരുമാനം പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾ നല്ല ആത്മവിശ്വാസത്തിലാണ്. എല്ലാ വിദ്യാർഥികൾക്കും തുല്യനീതി നൽകാൻ കഴിയുന്ന പരമാവധി മികച്ച രീതിയിലുള്ള മാനദണ്ഡമാണിത്.
ഫാ. ജിൽസൺ തയ്യിൽ
(പ്രിൻസിപ്പൽ, അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂൾ, താമരശ്ശേരി)
മുൻ വർഷങ്ങളിൽ മികച്ച ഫലമുള്ള സ്കൂളുകൾക്ക് ഗുണകരമാണ്. പത്താം ക്ലാസിൽ ഹിന്ദി, ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷാവിഷയങ്ങൾക്ക് മറ്റ് വിഷയങ്ങളുടെ ശരാശരി മാർക്കാണ് പരിഗണിക്കുക. മലയാളം പോലെയുള്ള ഭാഷകൾക്ക് കുട്ടികൾക്ക് നല്ല മാർക്കുണ്ടാകും. എന്നാൽ, ഇത്തരം വിഷയങ്ങളുടെ മാർക്ക് പരിഗണിക്കില്ല. ഇത് ഫലത്തിനെ ബാധിക്കും. വെയ്റ്റേജ് രീതി അതുപോലെ സ്കൂളുകൾക്ക് പരിഗണിക്കാനാകില്ല.
വെയ്റ്റേജ് അനുസരിച്ച് സ്കൂളിെൻറ മുൻവർഷത്തെ ഫലത്തിെനക്കാൾ കൂടുതലാണെങ്കിൽ കുട്ടികളുടെ മാർക്ക് ആനുപാതികമായി ചേർക്കാം. ഫലത്തിൽ തൃപ്തിയില്ലെങ്കിൽ പരീക്ഷയെഴുതാൻ കുട്ടികൾക്ക് അവസരം നൽകാമെന്നത് നല്ല കാര്യമാണ്. 11ാം ക്ലാസിലെ മാർക്കിനെക്കുറിച്ച് കുട്ടികൾക്ക് ആശങ്കയുണ്ട്. സ്കൂളിെൻറ മുൻവർഷത്തെ ഫലം തന്നെയാണ് പ്രധാനം.
വിദ്യാർഥികളെ ദോഷകരമായി ബാധിക്കില്ലെന്ന് തിരുവനന്തപുരം മുക്കോലക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ വർഗീസ് സാമുവൽ. 11ാം ക്ലാസ് പരീക്ഷ ഉൾപ്പെടെ മികച്ച രീതിയിലാണ് നടത്തിയത്. വിദ്യാർഥികൾ ഗൗരവത്തിലെടുത്താണ് പരീക്ഷയെ സമീപിച്ചത്.
വർഗീസ് സാമുവൽ (പ്രിൻസിപ്പൽ, സെൻറ് തോമസ് സെൻട്രൽ സ്കൂൾ, തിരുവനന്തപുരം മുക്കോലക്കൽ)
സി.ബി.എസ്.ഇ: വെയ്റ്റേജ് ഇങ്ങനെ
ന്യൂഡൽഹി: 12ാം ക്ലാസിൽ 40 ശതമാനം വെയ്റ്റേജ് നൽകാനാണ് സി.ബി.എസ്.ഇ തീരുമാനം. ഇതിനായി ഒന്നോ അതിലധികമോ യൂനിറ്റ് പരീക്ഷ, അർധവാർഷിക പരീക്ഷ, പ്രീ ബോർഡ് പരീക്ഷ എന്നിവയാണ് മാർക്കിനു വേണ്ടി പരിഗണിക്കുക. ഏതൊക്കെ പരീക്ഷകൾ പരിഗണിക്കണമെന്ന് റിസൽറ്റ് കമ്മിറ്റിയാണ് തീരുമാനിക്കുക.
പ്രീ-ബോർഡ് പരീക്ഷമാത്രം പരിഗണിച്ചാൽ മതിയെന്നു ഒരു സ്കൂളിലെ കമ്മിറ്റി തീരുമാനിച്ചാൽ മാർക്കിെൻറ വെയിറ്റേജ് മുഴുവൻ അതിനാകും. പ്രീ ബോർഡിനും മിഡ് ടേമിനും തുല്യ വെയിറ്റേജ് നൽകാനും സമിതിക്കു തീരുമാനിക്കാം. സ്കൂൾ പ്രിൻസിപ്പലായിരിക്കും സമിതിയുടെ തലവൻ.
12ാം ക്ലാസിൽ ഹ്യൂമാനിറ്റിസ് തെരഞ്ഞെടുത്ത വിദ്യാർഥിക്ക് 80 മാർക്കാണ് തിയറിക്കുള്ളത്. 80 മാർക്കിെൻറ 30 ശതമാനം െവയിറ്റേജ് പ്രകാരം വിദ്യാർഥിക്ക് 10,11 ക്ലാസുകളിൽ വിദ്യാർഥിക്ക് 24 മാർക്ക് വീതം ലഭിക്കും. 12ലെ 40 ശതമാനം വെയിറ്റേജ് പ്രകാരം പരമാവധി 32 വരെ ലഭിക്കും. ഇതു പ്രകാരം 24 +24+32 = 80 മാർക്കാണ് തിയറിക്ക് പരീക്ഷക്ക് പരമാവധി ലഭിക്കുക. ഇതിനോടൊപ്പം അതത് സ്കൂൾ നൽകുന്ന പ്രാക്ടിക്കൽ മാർക്കും ചേർത്തായിരിക്കും അന്തിമ ഫലം പ്രസിദ്ധീകരിക്കുക.
പരീക്ഷയിൽ ഒരു വിഷയത്തിൽ പാസ് മാർക്ക് ലഭിക്കാത്തവരെ കംപാർട്ട്മെൻറ് വിഭാഗത്തിലും ഒന്നിലേറെ വിഷയത്തിലാണ് പാസ് മാർക്ക് ലഭിക്കാത്തവരെ എസൻഷ്യൽ റിപ്പീറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി വീണ്ടും അവസരം നൽകും.
11, 12 ക്ലാസുകളിലെ പരീക്ഷകൾ സ്കൂളുകളിൽ തന്നെ നടത്തിയതിനാൽ അതത് സ്കൂളുകളുടെ മൂന്ന് വർഷങ്ങളിലെ ബോർഡ് പരീക്ഷകളുടെ പ്രകടനവും മാർക്ക് മോഡറേറ്റ് ചെയ്യുന്നതിൽ പരിഗണിക്കണം. ഉദാഹരണത്തിന് 2017-18 അധ്യായന വർഷത്തിൽ സ്കൂളിലെ കുട്ടികളുടെ ശരാശരി മാർക്ക് 72 ശതമാനം, 2018-19ൽ 74 ശതമാനം, 2019 -20ൽ 71 ശതമാനം എന്നിങ്ങനെ ആണെങ്കിൽ 2018-19 വർഷത്തെ ശരാശരിയാണ് മോഡറേഷനു പരിഗണിക്കേണ്ടത്.
മൂല്യനിർണയ രീതിയിൽ വ്യാപക അതൃപ്തി
ന്യൂഡൽഹി: റദ്ദാക്കിയ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ രീതിയിൽ വ്യാപക അതൃപ്തി. 10, 11 ക്ലാസുകളിലെ മാർക്ക് അപ്രധാനമെന്ന നിലയിലാണ് മുൻവർഷങ്ങളിൽ കണക്കിലെടുത്തിരുന്നത്.
അതുകൊണ്ട് ഈ പരീക്ഷകളിൽ ഒട്ടു മിക്ക വിദ്യാർഥിയും പഠനശേഷി പൂർണമായും ഉപയോഗിച്ചിട്ടില്ലെന്ന് അക്കാദമിക വിദഗ്ധർ ചൂണ്ടിക്കാട്ടി. 10,11 ക്ലാസുകളിലെ മാർക്ക് കണക്കിലെടുക്കുേമ്പാൾ, 12ാം ക്ലാസിൽ മികച്ച വിജയം നേടാൻ പിന്നീട് അധ്വാനിച്ചവരുടെ മാർക്ക് കുറയുന്ന സ്ഥിതി വരും. ഇത് കുട്ടികളോടുള്ള അനീതിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സമയബന്ധിതമായി ഫലം പുറത്തിറങ്ങുമെന്നു മാത്രം.
മൂന്നു വർഷത്തിനിടയിൽ ഒരു കുട്ടിയുടെ പഠന നിലവാരം ഒന്നിനൊന്നു മെച്ചപ്പെട്ട് 12ലെത്തുേമ്പാൾ പരമാവധി സ്കോർ ചെയ്യുന്നതിലേക്ക് അവർ മുന്നേറിയിട്ടുണ്ടാവും. അതിനിടെയാണ് പഴയ ക്ലാസുകളിലെ മാർക്കുകൂടി കണക്കിലെടുത്തുള്ള മൂല്യനിർണയം. ഇത് തെറ്റായ രീതിയാണെന്ന് ചൂണ്ടിക്കാട്ടുന്നവർ ഏറെ. നടപ്പാക്കാൻ എളുപ്പമാണെങ്കിലും ഉൾക്കൊള്ളാൻ പ്രയാസമെന്നാണ് വിലയിരുത്തൽ.
തീരുമാനം പുനഃപരിശോധിക്കണം -എ.കെ.എസ്.ടി.യു
തിരുവനന്തപുരം: എൻജിനീയറിങ് റാങ്കിന് പ്ലസ് ടു മാർക്ക് പരിഗണിക്കേണ്ടതില്ലെന്ന നിലപാട് പുനഃപരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി തയാറാകണമെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു പരീക്ഷയെഴുതി നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് ഒരു പരിഗണനയും പ്രവേശനപ്പരീക്ഷയിൽ ലഭിക്കാതിരിക്കുകയും പരീക്ഷയെഴുതാതെ ഉപരിപഠന യോഗ്യത നേടുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗം കുട്ടികൾ നേട്ടം കവർന്നെടുക്കുകയും ചെയ്യുന്നത് നീതിനിഷേധമാണെന്ന് പ്രസിഡൻറ് എൻ. ശ്രീകുമാറും ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും പറഞ്ഞു.
മാർഗരേഖ സ്വാഗതം ചെയ്ത് സി.ബി.എസ്.ഇ മാനേജ്മെൻറ്
കൊച്ചി: സി.ബി.എസ്.ഇ മാർഗരേഖ സ്വാഗതം ചെയ്യുന്നതായി സി.ബി.എസ്.ഇ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹീംഖാൻ 'മാധ്യമ'ത്തോട് പറഞ്ഞു. നീതിപൂർവകമായ തീരുമാനമാണ് സി.ബി.എസ്.ഇ എടുത്തത്.
കോവിഡ് മഹാമാരിക്കാലത്ത് മറ്റൊരു വഴിയുമില്ല. വിദ്യാർഥികളുടെ ഒരു വർഷത്തെ പ്രകടനം നോക്കാതെ മൂന്നുവർഷത്തെ മാർക്കാണ് നോക്കുന്നത്. താരതമ്യേന മികച്ച രീതിയാണ് സീകരിച്ചത്. എല്ലാവരും സി.ബി.എസ്.ഇ തീരുമാനം സ്വാഗതം ചെയ്യും. ഇക്കാര്യത്തിൽ അനീതി നടക്കാനിടയില്ല. ഒരുവർഷത്തെ മാർക്ക് മാത്രമെടുത്താൽ ചിലപ്പോൾ അനീതി നടക്കും.
ആ വർഷം വിദ്യാർഥി അസുഖബാധിതനായി കിടന്നാൽ മാർക്കിൽ വ്യത്യാസമുണ്ടാവും. 10ാം ക്ലാസിലെ പ്രകടനം നിർണായകമാണ്. അതിന് 30 ശതമാനം. 11ൽ ചിലപ്പോൾ വിദ്യാർഥികൾ അൽപം മോശമാകാൻ സാധ്യതയുണ്ട്. അവിടെയും 30 ശതമാനമാണ്. 12ാം ക്ലാസിൽ എല്ലാ സ്കൂളും തുടർച്ചയായി പരീക്ഷയും മോഡൽ പരീക്ഷയും നടത്തിയിട്ടുണ്ട്.
അതിനാൽ മാനേജ്മെൻറ് അസോസിയേഷൻ സി.ബി.എസ്.ഇ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. പ്രായോഗികമായ ഏറ്റവും മികച്ച മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.