ന്യൂഡൽഹി: അടുത്ത അധ്യയന വർഷം സി.ബി.എസ്.ഇ സ്കൂളുകളിൽ മൂന്ന്, ആറ് ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും മാറും. എൻ.സി.ഇ.ആർ.ടി ഇത് ഉടൻ പുറത്തിറക്കും. മറ്റ് ക്ലാസുകളിലെ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും മാറ്റമുണ്ടാകില്ല. പുതിയ അധ്യാപന രീതികളിലേക്കും പഠന മേഖലകളിലേക്കും വിദ്യാർഥികളുടെ മാറ്റം സുഗമമാക്കുന്നതിന് ഈ വർഷം ആറാം ക്ലാസിനായുള്ള ബ്രിഡ്ജ് കോഴ്സും മൂന്നാം ക്ലാസിനായുള്ള സംക്ഷിപ്ത മാർഗനിർദേശങ്ങളും തയാറാക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ അക്കാദമിക്സ് ഡയറക്ടർ ജോസഫ് ഇമ്മാനുവൽ പറഞ്ഞു.
18 വർഷത്തിനുശേഷം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ മാറ്റങ്ങളുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 1975, 1988, 2000, 2005 എന്നീ വർഷങ്ങളിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നാല് പരിഷ്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്.
2022ൽ കോവിഡ് പശ്ചാത്തലത്തിൽ ആറ് മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ എൻ.സി.ഇ.ആർ.ടി ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
മുഗൾ കോടതികൾ, 2002ലെ ഗുജറാത്ത് കലാപം, ശീതയുദ്ധം, മുഗൾ ചക്രവർത്തിമാരുടെ പരാമർശങ്ങൾ, അടിയന്തരാവസ്ഥ എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങളാണ് നീക്കം ചെയ്തത്. ഈ നീക്കം രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.