ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാന നഗരിയെ രക്ഷിക്കാൻ എല്ലാ പാർട്ടികളുടെയും സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചു ചേർത്ത രാഷ്ട്രീയ കക്ഷികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. രോഗപ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെജ്രിവാൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലെ സുപ്രധാന തീരുമാനങ്ങള്‍ അദ്ദേഹം രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ അറിയിച്ചു.
ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വീകരിച്ച ഈ തീരുമാനങ്ങള്‍ നടപ്പാക്കാൻ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തണം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചുനിൽക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഈ ഐക്യം പൊതുജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കും. ഇത് തലസ്ഥാനത്തെ രോഗാവസ്ഥയില്‍ മാറ്റം വരുത്താന്‍ സഹായിക്കും. നവീന സാങ്കേതിക വിദ്യകളുപയോഗിച്ച് കോവിഡ് 19 പരിശോധാനാശേഷി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി പ്രതിനിധി സഞ്ജയ് സിങ്, ബിജെപി ഡല്‍ഹി ഘടകം പ്രസിഡൻറ് ആദേശ് ഗുപ്ത, കോണ്‍ഗ്രസ് ഡല്‍ഹി പ്രസിഡൻറ് അനില്‍ ചൗധരി, ബി.എസ്.പി പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
8000 കിടക്കകള്‍ സജ്ജമാക്കിയ, എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള 500 റെയില്‍വേ കോച്ചുകള്‍ ഡല്‍ഹി സർക്കാറിരി അടിയന്തരമായി കൈമാറാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും സമ്പർക്കം കണ്ടെത്താൻ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള വീടുകള്‍ തോറും സര്‍വേ നടത്തും. കൊറോണ ചികിത്സയ്ക്കായി കുറഞ്ഞ നിരക്കില്‍ 60 ശതമാനം കിടക്കകള്‍ സ്വകാര്യ ആശുപത്രികള്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനും കൊറോണ പരിശോധനയുടെയും ചികിത്സയുടെയും നിരക്ക് നിശ്ചയിക്കാനും യോഗം തീരുമാനിച്ചു. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ നിതി ആയോഗ് അംഗം ഡോ. വി. കെ. പോളിെൻറ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കി. ഡല്‍ഹി എയിംസിനു കീഴില്‍ കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി ഹെല്‍പ്പ് ലൈനും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.