ഭോപാൽ: ഒളികാമറ ഒാപറേഷനിലൂടെ മണൽ മാഫിയയെ തുറന്നുകാട്ടിയ മാധ്യമപ്രവർത്തകനെ ട്രക്കിടിപ്പിച്ചു കൊന്ന സംഭവത്തിൽ സി.ബി.െഎ അന്വേഷണത്തിന് ശിപാർശ ചെയ്യുമെന്ന് മധ്യപ്രദേശ് സർക്കാർ. മാധ്യമപ്രവർത്തകൻ സന്ദീപ് ശർമയെ (35) കൊന്ന ട്രക് ഡ്രൈവറെ കഴിഞ്ഞദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ജീവന് ഭീഷണിയുണ്ടെന്ന് ഭിന്ദിലെ വാർത്ത ചാനലിനുവേണ്ടി ജോലിചെയ്യുന്ന സന്ദീപ് ശർമ ജില്ല ഭരണകൂടത്തിന് പരാതി നൽകിയിരുന്നു.
ട്രക് ഡ്രൈവർ രൺവീർ യാദവിനെതിരെ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. മാധ്യമ പ്രവർത്തകെൻറ കൊലക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. കേസ് അടിയന്തരമായി സി.ബി.െഎ ഏറ്റെടുക്കണമെന്ന് ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. മണൽ മാഫിയ സംസ്ഥാനത്ത് ശക്തിപ്രാപിക്കുകയാണെന്നും മാഫിയ-പൊലീസ് ബന്ധം തുറന്നുകാട്ടിയതിെൻറ ഇരയാണ് സന്ദീപ് ശർമയെന്നും അദ്ദേഹം ട്വീറ്റുചെയ്തു.
സംസ്ഥാന പ്രതിപക്ഷ നേതാവ് അജയ് സിങ്ങും സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടു. ജീവനു ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും മാധ്യമ പ്രവർത്തകന് സംരക്ഷണം നൽകാൻ അധികൃതർ തയാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് മധ്യപ്രദേശ് ഡി.ജി.പി, െഎ.ജി, ജില്ല പൊലീസ് സൂപ്രണ്ട്, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നതായി അദ്ദേഹത്തിെൻറ ബന്ധു വികാസ് പുരോഹിത് പൊലീസിൽ നൽകിയ പരാതിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.