ബെംഗളൂരു: ഹെൽമറ്റ് ധരിച്ചയാൾ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ട്. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്‍റെ ടൊയോട്ട എറ്റിയോസ് കാർ പാർക്ക് ചെയ്തശേഷം ഗേറ്റ് തുറക്കാനായി പുറത്തിറങ്ങുകയായിരുന്നു. ഉടൻ ഹെൽമറ്റ് ധരിച്ച ഒരാളെത്തി വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മൂന്നു വെടിയുണ്ടകളാണ് അവരുടെ ശരീരത്തു തറച്ചത്.
വെടിയേറ്റശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തളർന്നു വീണു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ വിശദ പരിശോധനക്കയച്ചു. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഹിന്ദുത്വ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്നംഗ സംഘം ചൊവ്വാഴ്ച രാത്രി എേട്ടാടെയായിരുന്നു ഗൗരിയെ വീട്ടുമുറ്റത്ത് വെടിവെച്ചുകൊന്നത്. കേസ് അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഗൗരിയുടെ വീടും പരിസരവും പരിശോധിച്ചു.
ഗൗരിയുടെ മൊബൈൽ ഫോണിലേക്ക് കഴിഞ്ഞ മൂന്നുമാസത്തിനിടെ വന്ന കോളുകളുടെയും സന്ദേശങ്ങളുടെയും ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കും. പോയൻറ് ബ്ലാങ്കിൽനിന്നുള്ള മൂന്നു വെടിയേറ്റാണ് ഗൗരിയുടെ മരണം. മൂന്നു വെടിയുണ്ടകളും ശരീരം തുളച്ചു പുറത്തു കടന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. രണ്ട് വെടിയുണ്ട നെഞ്ചിലും ഒന്ന് അടിവയറ്റിലുമാണ് കൊണ്ടത്. വെടിയേറ്റ ആഘാതത്തിൽ ആന്തരിക രക്തസ്രാവമുണ്ടായതായും ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നതായും പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.