ന്യൂഡൽഹി: ജനാധിപത്യം ഏഴരപ്പതിറ്റാണ്ടിൽ എത്തി നിൽക്കേ, പാർലമെൻറ് മന്ദിരത്തിൽ സർക്കാർ സംഘടിപ്പിച്ച ഭരണഘടനദിനാഘോഷ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം. ഭരണഘടനയെ നോക്കുകുത്തിയാക്കുകയും പ്രതിപക്ഷത്തെ അവമതിക്കുകയും ചെയ്യുന്ന സർക്കാർ ഭരണഘടന ദിനം ആഘോഷമാക്കുന്നത് കേവലം പ്രചാരവേലയും കാപട്യവുമാണെന്ന് കുറ്റപ്പെടുത്തിയാണ് ബഹിഷ്കരണം.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം അണിനിരന്ന സെൻട്രൽ ഹാളിലെ ചടങ്ങിൽ നിന്ന് 15 പാർട്ടികൾ വിട്ടുനിന്നു. തിങ്കളാഴ്ച തുടങ്ങുന്ന ശീതകാല പാർലമെൻറ് സമ്മേളനം ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതിെൻറ സൂചന കൂടിയായി ബഹിഷ്കരണം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സമാജ്വാദി പാർട്ടി, സി.പി.എം, സി.പി.ഐ, ശിവസേന, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, എൻ.സി.പി, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.ജെ.ഡി, ആർ.എസ്.പി എന്നിവയാണ് സംയുക്തമായി ബഹിഷ്കരിച്ചത്.
മായാവതി നയിക്കുന്ന ബി.എസ്.പി വേറിട്ടും ബഹിഷ്കരിച്ചു. യു.പി അടക്കം വിവിധ സംസ്ഥാനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിലാണ് ഭരണഘടന ശിൽപി ഡോ. ബി.ആർ. അബേദ്കറെ പ്രത്യേകമായി അനുസ്മരിക്കുന്ന ചടങ്ങ് സർക്കാർ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ, കോൺഗ്രസിലെ കുടുംബവാഴ്ചക്കു നേരെ ശക്തമായ ആക്രമണം നടത്തി. ചടങ്ങിൽ സംസാരിക്കാൻ അവസരമിെല്ലന്നും പ്രതിപക്ഷ നേതാക്കളെ ശരിയാംവിധം ക്ഷണിച്ചതു തന്നെയില്ലെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം അട്ടിമറിക്കുന്ന സർക്കാർ ഭരണഘടനാഘോഷ കാപട്യമാണ് കാണിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ഭരണഘടനയുടെ ആമുഖ വായനക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.