ന്യൂഡൽഹി: എല്ലാ വർഷവും സെപ്റ്റംബർ 17 'ഹൈദരാബാദ് വിമോചന ദിന'മായി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം. ഹൈദരാബാദിനെ മോചിപ്പിച്ച രക്തസാക്ഷികളെ ഓർക്കാനും യുവാക്കളുടെ മനസിൽ ദേശസ്നേഹം ഉണ്ടാക്കാനുമാണ് എല്ലാ വർഷവും സെപ്റ്റംബർ 17-ന് ഹൈദരാബാദ് വിമോചന ദിനംമായി ആചരിക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യാ ഗവൺമെന്‍റ് വിജ്ഞാപനത്തിൽ പറയുന്നു.
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി ശ്രീ സർദാർ വല്ലഭായ് പട്ടേലിന്‍റെ വേഗത്തിലുള്ളതും സമയോചിതവുമായ നടപടി മൂലമാണ് ഹൈദരാബാദിന്‍റെ വിമോചനം സാധ്യമായത്. നൈസാമിന്‍റെ കീഴിലുള്ള ഹൈദരാബാദ് സംസ്ഥാനം, ഇന്നത്തെ തെലങ്കാന, മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖല, ഔറംഗബാദ്, ബീഡ്, ഹിംഗോലി, ജൽന, ലാത്തൂർ, നന്ദേഡ്, ഒസ്മാനാബാദ്, പർഭാനി, കലബുറഗി, ബെല്ലാരി റായ്ച്ചൂർ, യാദ്ഗിർ എന്നീ ജില്ലകളും, ഇന്നത്തെ കർണാടകയിലെ കൊപ്പൽ, വിജയനഗര, ബിദർ ഇതിൽ ഉൾപ്പെട്ടിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പാകിസ്ഥാനിൽ ചേരാനോ അല്ലെങ്കിൽ ഇന്ത്യയുമായി ചേരാൻ തയ്യാറാകാതെ മുസ്ലീം ആധിപത്യമാകാനോ നൈസാമിന്‍റെ റസാക്കർ സൈന്യം ഹൈദരാബാദ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ഈ പ്രദേശത്തെ ജനങ്ങൾ റസാക്കർ പടയുടെ അതിക്രമങ്ങൾക്കെതിരെ ധീരമായി പോരാടി. ഒരു സ്വകാര്യ സൈന്യമായ റസാക്കർമാർ ക്രൂരതകൾ നടത്തുകയും ഹൈദരാബാദിലെ പഴയ നിസാം ഭരണത്തെ പ്രതിരോധിക്കുകയും ചെയ്തു.
'ഓപ്പറേഷൻ പോളോ' എന്ന പൊലീസ് നടപടിക്ക് ശേഷം 1948 സെപ്റ്റംബർ 17 ന് ഈ പ്രദേശം നിസാമിന്‍റെ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. ഇതോടെ സെപ്തംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കണമെന്ന് ജനങ്ങളിൽ നിന്ന് ആവശ്യമുയർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെപ്റ്റംബർ 17 ന് ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.