ന്യൂഡല്‍ഹി: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കേന്ദ്ര നിർദേശം പൂർണമായും അംഗീകരിക്കാതെ ട്വിറ്റർ. കേന്ദ്രം ആവശ്യപ്പെട്ട അക്കൗണ്ടുകളിൽ ചിലത് മരവിപ്പിച്ചെങ്കിലും ഇവ ഇന്ത്യക്ക് പുറത്ത് സജീവമായിരിക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് ഈ അക്കൗണ്ടുകള്‍ നീക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാകുമെന്നും കേന്ദ്ര നിര്‍ദേശപ്രകാരം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ട്വിറ്റർ വ്യക്തമാക്കി.
എന്നാൽ, ട്വിറ്ററിന് ബദലായി തദ്ദേശീയമായ പുതിയ മൈക്രോ ബ്ലോഗിങ് സൈറ്റായ കൂ(koo) വിനെ പ്രോത്സാഹിപ്പിച്ച് കേന്ദ്രം. ആത്മനിര്‍ഭര്‍ ഭാരത് ആപ് ഇന്നവേഷന്‍ ചലഞ്ചിെൻറ ഭാഗമായി ബംഗളൂരു ആസ്ഥാനമായ ബോംബിനെറ്റ് ടെക്നോളജീസ് വികസിപ്പിച്ചതാണ് ഈ ആപ്. കേന്ദ്ര സർക്കാറുമായി കൂടിക്കാഴ്ചക്ക് ട്വിറ്റർ അവസരം ചോദിച്ചിരുന്നു. എന്നാൽ, പ്രതികരണം പിന്നീട് അറിയിക്കാമെന്ന കേന്ദ്ര മറുപടി കൂ ആപ്പിലൂടെ ആയിരുന്നു.
െഎ.ടി മന്ത്രി രവിശങ്കർ പ്രസാദ്, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങി കേന്ദ്രമന്ത്രിമാരടക്കം 'കൂ'വിൽ അക്കൗണ്ട് തുടങ്ങുകയും ആളുകളെ ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തു. കേന്ദ്ര ഐ.ടി മന്ത്രാലയം, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യ പോസ്റ്റ്, ഡിജി ലോക്കര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് തുടങ്ങി വകുപ്പുകളും കൂ ആപ്പില്‍ അക്കൗണ്ടുകൾ ആരംഭിച്ചു.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഖലിസ്ഥാന്‍, പാകിസ്താന് ബന്ധമുള്ളതെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഐ.ടി നിയമത്തിലെ 69 എ വകുപ്പ് ചൂണ്ടിക്കാട്ടി കേന്ദ്രം രണ്ടു തവണ ട്വിറ്ററിന് നിർദേശം നൽകിയിരുന്നു. എന്നാൽ, ആദ്യം നൽകിയ നിർദേശത്തിൽ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്റർ മണിക്കൂറുകൾക്കുള്ളിൽതന്നെ പുനഃസ്ഥാപിച്ചു നൽകി. 1,178 അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് രണ്ടാമത് ട്വിറ്ററിന് നൽകിയ നിർദേശം. എന്നാൽ, അവയിൽ ചിലതു മാത്രം മരവിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.