ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ലിറ്ററിന്മേൽ എട്ടു രൂപ കൂടി എക്സൈസ് തീരുവ ചുമത്താൻ അധികാരം നൽകുന്ന നിയമഭേദഗതി പാസാക്കി മോദിസർക്കാർ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചർച്ചകൂടാതെ പാർലമെൻറ് തിരക്കിട്ടു പാസാക്കിയ ധനബില്ലിലെ ഒരു ഭേദഗതി ഇതാണ്.
ആഗോളതലത്തിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞതിെൻറ പ്രയോജനം ഉപയോക്താക്കൾക്ക് നൽകുന്നതിനുപകരം പെട്രോളിനും ഡീസലിനും ലിറ്ററിന്മേൽ മൂന്നുരൂപ വീതം എക്സൈസ് തീരുവ കൂട്ടിയത് ഇക്കഴിഞ്ഞ 14നാണ്. ഇതുവഴി സമാഹരിക്കുന്നത് 59,000 കോടി രൂപ.
നിയമഭേദഗതി വഴി ഉടനടി നികുതി കൂടുകയില്ല. എക്സൈസ് തീരുവ ഏതു സമയത്തും ഉയർത്താനുള്ള നിയമപരമായ തടസ്സം നീക്കുകയാണ് സർക്കാർ ചെയ്തത്. ഇനിയും എണ്ണ വിലയിടിഞ്ഞാൽ അത് ഉപയോക്താക്കൾക്ക് നൽകാതെ നികുതി കൂട്ടിക്കൊണ്ട് സർക്കാറിെൻറ വരുമാനം കൂട്ടാം.
നിലവിലെ നിയമ പ്രകാരം പെട്രോളിന് ലിറ്ററിന്മേൽ 10 രൂപയിൽ കൂടുതൽ എക്സൈസ് ഡ്യൂട്ടി ചുമത്താനാവില്ല. ഡീസലിന് നാലു രൂപയാണ് പരമാവധി എക്സൈസ് ഡ്യൂട്ടി. അടുത്തിടെ മൂന്നു രൂപ വർധിപ്പിച്ചതുവഴി ഈ പരിധിയിലെത്തി. ഇപ്പോൾ പെട്രോളിന് 10ഉം ഡീസലിന് നാലും രൂപ എക്സൈസ് ഡ്യൂട്ടി സർക്കാർ ഈടാക്കുന്നുണ്ട്.
എട്ടാം ഷെഡ്യൂളിൽ മാറ്റംവരുത്തുന്ന ധനബില്ലിലെ നിർദേശമനുസരിച്ച് പെട്രോളിന് 18 രൂപ വരെ എക്സൈസ് തീരുവ ഈടാക്കാം. ഡീസലിന് ഈടാക്കാവുന്നത് 12 രൂപ വരെ. വിലയിടിവിെൻറ ആശ്വാസം ഉപയോക്താക്കൾക്കു നൽകുന്നതിനേക്കാൾ സർക്കാർ ലക്ഷ്യമിടുന്നത് അധിക വരുമാനത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു. ഇതിനകം തന്നെ ലോകത്ത് ഇന്ധന നികുതി ഈടാക്കുന്നതിൽ മുന്നിലാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.