സി.എ.എ പ്രാബല്യത്തിൽ; ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിന്‍റെ ചട്ടങ്ങൾ പ്രാബല്യത്തിൽ. വ്യാപക എതിർപ്പുകൾക്കിടയിൽ നാലു വർഷം മുമ്പ് പാർലമെന്‍റിൽ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പു വേളയിൽ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തിൽ വന്നത്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തെ വിവാദത്തിലാക്കിയത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തിൽ പൗരത്വം നൽകുന്നതിന്‍റെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് വിജ്ഞാപനം ചെയ്തത്.

മോദിസർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതിനു പിന്നാലെ, 2019 ഡിസംബറിലാണ് പൗരത്വ നിയമഭേദഗതി ബിൽ പാർലമെന്‍റിൽ പാസാക്കിയത്. പിന്നാലെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. എന്നാൽ, വിവേചനപരമായ നിയമവ്യവസ്ഥകൾക്കെതിരെ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് ഉയർന്നത്. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ കൂട്ടിക്കുഴക്കാനും ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച കടുത്ത ആശങ്ക പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടി. അതേസമയം, കോവിഡ്കാല നിയന്ത്രണങ്ങൾ പ്രക്ഷോഭത്തിന്‍റെ തീവ്രത നേരിടാൻ സർക്കാറിനെ സഹായിച്ചു.

പാർലമെന്‍റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചു കഴിഞ്ഞാൽ, നിയമം നടപ്പാക്കുന്നതിന്‍റെ ചട്ടങ്ങൾ ആറു മാസത്തിനകം വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥ. എങ്കിലും കടുത്ത എതിർപ്പുകൾക്കിടയിൽ ചട്ടവിജ്ഞാപനം പലവട്ടം സഭാസമിതിയുടെ അനുമതി തേടി കേന്ദ്രം നീട്ടിക്കൊണ്ടു പോയി. ഇതിനിടയിൽ പൗരത്വ അപേക്ഷകൾ ഓൺലൈനിൽ നൽകാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്.

1955ലെ പൗരത്വ നിയമ പ്രകാരം പൗരത്വം നൽകാൻ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, യു.പി, ഡൽഹി, മഹാരാഷ്ട്ര എന്നീ ഒൻപതു സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്ട്രേറ്റുമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും കേന്ദ്രം കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ അനുമതി നൽകിയിട്ടുണ്ട്. കുടിയേറ്റക്കാർ കൂടുതലായി താമസിക്കുന്ന ജില്ലകളാണ് ഇവ. ജില്ലതല ഉന്നതാധികാര സമിതിയുടെ പരിശോധനക്കു വിധേയമായി ജില്ല മജിസ്ട്രേറ്റാണ് അനുമതി നൽകുക.

2021 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മൂന്നു രാജ്യങ്ങളിൽനിന്നുള്ള 1,414 മുസ്ലിം ഇതര മതവിഭാഗക്കാർക്ക് 1955ലെ പൗരത്വ നിയമ പ്രകാരം പൗരത്വം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.  

Tags:    
News Summary - central government notified the Citizenship Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.