ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് ജനപിന്തുണ കുറയുന്നുവെന്ന പ്രതീതി സൃഷ്ടിച്ച ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകൾക്കു പിന്നാലെ, അരവിന്ദ് കെജ്രിവാൾ നയിക്കുന്ന പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിച്ച് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന് കിട്ടിയ സംഭാവനകളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം ആം ആദ്മി പാർട്ടിയോട് വിശദീകരണം ചോദിച്ചു.
വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ പ്രകാരമാണ് നോട്ടീസ്. മറുനാടൻ സാമ്പത്തികസഹായം കിട്ടുന്ന രാഷ്ട്രീയ പാർട്ടികൾക്കുള്ള പതിവു വിശദീകരണ നോട്ടീസാണിതെന്ന് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്. ഇതൊരു കാരണം കാണിക്കൽ നോട്ടീസല്ല. ആം ആദ്മി പാർട്ടി നൽകുന്ന മറുപടി പരിശോധിച്ചശേഷം മാത്രമാണ് അടുത്ത നടപടികൾ തീരുമാനിക്കുക.
ആം ആദ്മി പാർട്ടി ആഭ്യന്തര പ്രശ്നങ്ങൾ കൂടി നേരിടുന്ന ഘട്ടത്തിലാണ് വിദേശ സംഭാവനകളെക്കുറിച്ച അന്വേഷണം. വ്യക്തമായ വിലാസമോ വിശ്വാസയോഗ്യമായ വരുമാന സ്രോതസ്സോ ഇല്ലാത്ത ദുരൂഹമായ കമ്പനികളിൽനിന്ന് ആം ആദ്മി പാർട്ടി സംഭാവന സ്വീകരിക്കുന്നതായി ചില മുൻ അംഗങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. പാർട്ടിയെ വേട്ടയാടാൻ സി.ബി.െഎയെയും മറ്റു കേന്ദ്ര ഏജൻസികളെയും ബി.ജെ.പി ഉപയോഗപ്പെടുത്തുന്നതായി കഴിഞ്ഞദിവസം ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.