ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തുടരുന്ന മൗനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ പാർലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്ചവരെ നിർത്തിവെച്ചു. പ്രതിഷേധിച്ചതിന് 14 പേരെ സസ്പെൻഡ് ചെയ്ത ലോകസ്ഭയിൽ സഭാ നടപടികളിലേക്ക് കടക്കും മുമ്പെ ഇൻഡ്യ സഖ്യം എം.പിമാർ ഒന്നടങ്കം പ്ലക്കാർഡുകളേന്തി സമരം തുടങ്ങിയപ്പോൾ രാജ്യസഭയിൽ മുഴുവൻ പ്രതിപക്ഷവും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി നടപടികൾ സ്തംഭിപ്പിച്ചു. നടപടികളിലേക്ക് കടക്കാനാകാതെ സഭാധ്യക്ഷന്മാർ ഇരുസഭകളും ആദ്യം രണ്ട് മണിവരെ നിർത്തിവെച്ച ശേഷം പിന്നീട് തിങ്കളാഴ്ച വരെ പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു.
സഭ സമ്മേളിക്കാനായി എം.പിമാർ വന്നു ചേരുന്നതിനുമുമ്പെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള മുഖ്യപ്രവേശന കവാടമായ ‘ഗരുഢ ദ്വാറി’ലേക്കുള്ള പടികളിൽ പ്ലക്കാർഡുകളേന്തി സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാരായ രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, വി.എൻ. ശ്രീകണ്ഠൻ, മണിക്കം ടാഗോർ, ഹൈബി ഈഡൻ, കനിമൊഴി, ജോതിമണി തുടങ്ങിയവർ കുത്തിയിരുന്ന് സമരം തുടങ്ങി. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് ഐക്യദാർഢ്യവുമായി സമരത്തിൽ പങ്കാളിയായി. കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ഡിമ്പിൾ യാദവ് അടക്കമുള്ള എം.പിമാരും സമരത്തിൽ പങ്കെടുത്തു.
അതിന് ശേഷം ലോക്സഭയിലേക്ക് പ്ലക്കാർഡുകളുമായി പ്രവേശിച്ച എം.പിമാർ രാവിലെ 10.58ന് അതുയർത്തിപ്പിടിച്ച് കൂട്ടത്തോടെ മുദ്രാവാക്യം തുടങ്ങി. സ്പീക്കർ ഓം ബിർള സഭയിലേക്ക് വരുന്നതിന് പകരം ബി.ജെ.പി നേതാവ് രാജേന്ദ്ര അഗർവാളിനെയാണ് ചെയറിലേക്ക് അയച്ചത്. അദ്ദേഹം ചെയറിലെത്തുമ്പോഴേക്കും സഭ പ്രതിപക്ഷ പ്രതിഷേധത്തിലമർന്നിരുന്നു. ശൂന്യവേളയിൽ അവതരിപ്പിക്കാനുള്ള എം.പിയെ വിളിച്ചുവെന്ന് വരുത്തി ഒരു മിനിറ്റുപോലും തികച്ചിരിക്കാതെ രണ്ടുമണിവരെ സഭ നിർത്തിവെച്ചു. പിന്നീട് രണ്ടു മണിക്ക് ചേർന്നപ്പോഴും ഓം ബിർള സഭയിലെത്തിയില്ല. സഭ ചേർന്നതുതന്നെ തിങ്കളാഴ്ചവരെ പിരിയുകയാണെന്ന് അറിയിക്കാൻ മാത്രമായിരുന്നു.
ലോക്സഭ സ്തംഭിച്ചതോടെ ക്രിമിനൽ ശിക്ഷാ നിയമങ്ങൾ പൊളിച്ചെഴുതി കൊണ്ടുവന്ന മൂന്ന് സുപ്രധാന ബില്ലുകളിന്മേൽ വെള്ളിയാഴ്ചയും ചർച്ച തുടങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കായില്ല. പാർലമെന്റിൽ പ്രസ്താവന നടത്താൻ തയാറാകാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു സ്വകാര്യ ടി.വി ചാനലിന്റെ ചർച്ചയിൽ പങ്കെടുത്ത് പാർലമെന്റ് ആക്രമണത്തെ കുറിച്ച് സംസാരിച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തു.
വിഷയം ഗൗരവമാണെങ്കിലും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നാണ് അമിത് ഷാ ചാനൽ പരിപാടിയിൽ ആരോപിച്ചത്. ഇത്തരത്തിൽ 40ഓളം സംഭവങ്ങൾ പാർലമെന്റിൽ നടന്നിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ലോക്സഭയുടെ സുരക്ഷാ ഉത്തരവാദിത്തം സ്പീക്കർക്കാണെന്നും സ്പീക്കർ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. ഏതാനും ദിവസത്തിനകം ഇതിന്റെ റിപ്പോർട്ട് സ്പീക്കർക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ 10 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫിസിൽ യോഗം ചേർന്ന പ്രതിപക്ഷ കക്ഷിനേതാക്കൾ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ 11 മണിക്ക് സ്പീക്കർ ചെയറിലിരിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് മുഴുവൻ എം.പിമാരും പ്ലക്കാർഡുകളേന്തി പ്രതിഷേധം തുടങ്ങാനായിരുന്നു തീരുമാനം. നടുത്തളത്തിലിറങ്ങിയെന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് സഭാ നേതാവിനെ സസ്പെൻഡ് ചെയ്ത രാജ്യസഭയിൽ എം.പിമാർ നടുത്തളത്തിലിറങ്ങാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.