കേന്ദ്ര ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി; 2025 ഏപ്രിൽ ഒന്നിന് നിലവിൽവരും

ന്യൂഡൽഹി: ‘ഏകീകൃത പെൻഷൻ പദ്ധതി’ (യു.പി.എസ്) എന്ന പേരിൽ കേന്ദ്രജീവനക്കാർക്കുള്ള പുതിയ പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തി​ന്റെ 50 ശതമാനം പെൻഷനും 10,000 രൂപ ചുരുങ്ങിയ പെൻഷനും കുടുംബ പെൻഷനും ഉറപ്പുനൽകുന്നതാണ് പുതിയ പെൻഷൻ പദ്ധതിയായ യു.പി.എസ്. 2025 ഏപ്രിൽ ഒന്നുമുതൽ പുതിയ പെൻഷൻ നിലവിൽവരും.

കേന്ദ്ര സർക്കാർ നടപ്പാക്കിയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്ന് രാജ്യമൊട്ടുക്കും സർക്കാർ ജീവനക്കാർ ആവശ്യപ്പെടുന്നതിനിടയിലാണ് മോദി സർക്കാറിന്റെ ചുവടുമാറ്റം. 25 വർഷം സേവനം പൂർത്തിയാക്കിയവർക്ക് അവസാന 12 മാസത്തെ ​അടിസ്ഥാന ശമ്പളത്തിന്റെ ശരാശരി കണക്കാക്കി അതിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിയാണിതെന്ന് കേന്ദ്ര മന്ത്രിസഭാ തീരുമാനം വിശദീകരിച്ച വാർത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അതിലും കുറവ് സേവന കാലയളവുള്ളവർക്ക് അതിനാനുപാതികമായിരിക്കും പെൻഷൻ. ജീവനക്കാരുടെ പെൻഷന്റെ 60 ശതമാനം കുടുംബ പെൻഷനായി നൽകും. 10 വർഷമെങ്കിലും സർവിസ് പൂർത്തിയാക്കിയവർക്ക് ചുരുങ്ങിയത് 10,000 രൂപയുടെ പെൻഷനും പദ്ധതി ഉറപ്പുനൽകുന്നു. വിരമിക്കുമ്പോൾ ഗ്രാറ്റ്വിറ്റിക്കൊപ്പം ലംപ്സം തുക, വിലസൂചികക്ക് അനുസൃതമായ ഡി.എ വർധന എന്നിവ പുതിയ പദ്ധതിയുടെ സവിശേഷതകളാണെന്നും 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെ പെൻഷൻ പദ്ധതിക്കെതിരെ സർക്കാർ ജീവനക്കാരുടെ രോഷമുയരുകയും വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാറുകൾ പഴയ ​പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിസഭയുടെ ചുവടുമാറ്റം. പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തി അവസാന ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും പെൻഷൻ നൽകണമെന്ന് സർക്കാർ ജീവനക്കാരുടെ ജോയന്റ് കൺസൾട്ടേറ്റീവ് മെഷിനറി (ജെ.സി.എം) പ്രതിനിധികൾ പ്രധാനമന്ത്രി​​യോട് ആവശ്യപ്പെട്ടിരുന്നു. വിലസൂചികക്ക് അനുസൃതമായ ഡി.എ വർധനയും 80 വയസ്സ് കഴിഞ്ഞവർക്ക് അധിക പെൻഷനും ജെ.സി.എം ആവശ്യപ്പെട്ടിരുന്നു. സർക്കാറിനും ജീവനക്കാർക്കുമിടയിലുള്ള തർക്കം രമ്യമായി പരിഹരിക്കാൻ നിയമപരമായി ഒരുക്കിയ വേദിയാണ് ജെ.സി.എം. 36 ലക്ഷം കേ​ന്ദ്ര സർക്കാർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 12ാം സംഘടനകളിൽനിന്നുള്ള പ്രതിനിധികൾ ജെ.സി.എമ്മിലുണ്ട്. 

Tags:    
News Summary - Centre announces new pension scheme, employees to get assured minimum fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.