ന്യൂഡൽഹി: ആരോഗ്യകരമായ പാനീയം(ഹെൽത്ത് ഡ്രിങ്ക്) എന്ന വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഒഴിവാക്കണമെന്ന് ഇ-കൊമേഴ്സ് കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ബോൺവിറ്റയെ പോലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകൾക്കും വലിയ തിരിച്ചടിയാണ് കേന്ദ്രത്തിന്റെ നിർദേശം. ബോൺവിറ്റയിൽ അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. എഫ്.എസ്.എസ് ആക്ട് 2006 പ്രകാരം നിർവചിച്ചിട്ടുള്ള ആരോഗ്യ പാനീയങ്ങൾ ഇല്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ പറഞ്ഞിരുന്നു. അതിനു ശേഷമാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ്.
എല്ലാ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോടും ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 'ഹെൽത്ത് ഡ്രിങ്ക്' വിഭാഗത്തിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയ അറിയിപ്പിൽ പറയുന്നു. 'ഹെൽത്ത് ഡ്രിങ്ക്' അല്ലെങ്കിൽ 'എനർജി ഡ്രിങ്ക്' വിഭാഗങ്ങളിൽ ടിഡറി, ധാന്യങ്ങൾ, മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവ ഉൾപ്പെടുത്തരുതെന്ന് എഫ്.എസ്.എസ്.എ.ഐ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രത്തിന്റെ ഉത്തരവ്.
നിയമങ്ങൾ അനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾ വെറും ഫ്ലേവർ ചെയ്ത ജലത്തെ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ മാത്രമാണ്. തെറ്റായ പദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുമെന്നും അതുവഴി ആ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.