ന്യൂഡൽഹി: 2015ൽ സുപ്രീംകോടതി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി. പ്രസ്തുത നിയമപ്രകാരം എടുത്ത കേസുകൾ പിൻവലിക്കാൻ പൊലീസിന് സംസ്ഥാന സർക്കാറുകൾ നിർദേശം നൽകണമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു.
ഓൺലൈനിൽ കുറ്റകരമായ രീതിയിൽ കമൻറ് ചെയ്യുന്നവർക്കെതിരെ ജയിൽശിക്ഷ നൽകുന്ന ഐ.ടി നിയമത്തിലെ വകുപ്പാണ് 66എ. ഇലക്ടോണിക് മാധ്യമത്തിലൂടെ കുറ്റകരമായതോ ഭയപ്പെടുത്തുന്നതോ അപമാനിക്കുന്നതോ വ്യാജമായതോ ആയ സന്ദേശം അയക്കുന്നവർക്ക് തടവുശിക്ഷ നൽകുന്നതാണ് 66 എ വകുപ്പ്. ഈ വകുപ്പനുസരിച്ച് മൂന്നു വർഷം വരെ തടവും പുറമെ പിഴയും വിധിക്കാനാകും. 2015ൽ ശ്രേയ സിംഗാൾ കേസിലാണ് 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. അവ്യക്തവും ഏകപക്ഷീയവുമായ നിയമമാണെന്ന് പറഞ്ഞു കൊണ്ടാണ് 66 എ സുപ്രീം കോടതി റദ്ദാക്കിയത്.
എന്നാൽ, തുടർന്നും 1000ത്തിലേറെ കേസുകൾ വകുപ്പിന് കീഴിൽ പൊലീസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്നതായി പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് സംഘടന സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. വിഷയം ഞെട്ടലുളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.